തിരുവങ്ങൂരില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടും ബ്രേക്ക്ഡൗണായും ഗതാഗതക്കുരുക്ക്


ചേമഞ്ചേരി: തിരുവങ്ങൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടും ബ്രേക്ക് ഡൗണായും ഗതാഗതക്കുരുക്ക്. ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണുള്ളത്.
ഇതേ റൂട്ടില്‍ തിരുവങ്ങൂര്‍ ടൗണില്‍ സര്‍വ്വീസ് റോഡില്‍ ടോറസ് ലോറി പഞ്ചറായി. ഇതേ തുടര്‍ന്ന് രാവിലെ വലിയ ഗതാഗത തടസ്സമാണ് നേരിട്ടത്.

സര്‍വ്വീസ് റോഡില്‍ വീതി കുറവായതിനാല്‍ പുതിയ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോയിരുന്നു. ഇതിലൂടെ പോയ ലോറി സമീപത്തെ ചളിയില്‍ താഴ്ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചു. പുതിയ റോഡിന്റെ ഇരുവശങ്ങളിലും വലിയ വെള്ളക്കെട്ടാണുള്ളത്. ഈ വെള്ളക്കെട്ടിന്റെ ചളിയിലാണ് ലോറി താഴ്ന്നത്.

ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയുടെ ഒരുവശം ചളിയില്‍ ആഴ്ന്നുപോയിട്ടുണ്ട്. നിലവില്‍ ക്രെയിന്‍ എത്തിച്ച് വാഹനങ്ങള്‍ റേഡില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.