കൊല്ലം-നെല്യാടി- മേപ്പയൂർ റോഡ് നവീകരണം; അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം


കോഴിക്കോട്: കൊല്ലം-നെല്യാടി- മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥയില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം-നെല്ല്യാടി- മേപ്പയൂർ റോഡിന് 1.655 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 38.96 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതാണ്. പ്രവർത്തിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. 4 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. സാമൂഹിക ആഘാത പഠനം നടത്തി അതിന് വിദഗ്ധസമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.

ജൂണ്‍ 18നാണ്‌ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ തീരുമാനം ഉണ്ടായത്‌. ഇനി 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് മറ്റ് നടപടികളിലേക്ക് കടക്കണം. ഭൂമി ഏറ്റെടുക്കലിന് കാലതാമസം ഉണ്ടാകുന്നതിനാൽ റോഡിന് അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് 2023 ജനുവരി മാസത്തിൽ പേരാമ്പ്ര റസ്റ്റ് ഹൗസിൽ വെച്ച് നടന്ന ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ കിഫ്ബിയിൽ നിന്നും 2.04 കോടി രൂപ അനുവദിച്ചിരുന്നു.

പ്രസ്തുത പ്രവർത്തി 2023 ഏപ്രിൽ മാസത്തിൽ ടെൻഡർ ചെയ്യുകയും കാസർഗോഡ് ഉള്ള ഒരു കരാറുകാരൻ പ്രവർത്തി ഏറ്റെടുത്ത് കൊല്ലം മുതൽ നെല്ല്യാടി പാലം വരെയുള്ള ഭാഗത്ത് ടാറിങ് നടത്തുകയും ചെയ്തു. എന്നാൽ ജലജീവൻ പദ്ധതി നടപ്പാക്കുന്ന കീഴരിയൂർ, മേപ്പയൂർ പഞ്ചായത്തുകളിൽ വരുന്ന നെല്ല്യാടി പാലം മുതൽ മേപ്പയൂർ ടൗൺ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ ഇടുന്നതിന് വാട്ടർ അതോറിറ്റിക്ക് അനുമതി നൽകി, റോഡ് കെ ആർ എഫ് ബി- കൈമാറിയിരുന്നു

.

ഈ പ്രവർത്തി പൂർത്തിയാക്കി റോഡ് കെ ആർ എഫ് ബി-ക്ക് തിരിച്ചേൽപ്പിക്കാൻ കാലതാമസം ഉണ്ടായപ്പോൾ ജനുവരി ആറിന്‌ മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, കെആർഎഫ്ബി, വാട്ടർ അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു കൊണ്ട് പെരുവണ്ണാമൂഴി ഐബിയിൽ വെച്ച് നടന്ന യോഗത്തിൽ ജനുവരി 31ന്‌ മുമ്പായി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തി പൂർത്തിയാക്കി റോഡ് കൈമാറാനും, റീടാറിംഗ് ആരംഭിക്കുവാനും നിർദ്ദേശം നൽകുകയുണ്ടായി.

എന്നാൽ ഈ തീരുമാനം നടപ്പിലാക്കുന്ന കാര്യത്തിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. പിന്നീട് പലതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെങ്കിലും പ്രവർത്തി പൂർത്തിയാക്കിയില്ല. നിലവിലെ റോഡിൻ്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദ്ദേശപ്രകാരം വാട്ടർ അതോറിറ്റിയുടെയും കെ ആർ എഫ് ബി യുടെയും ഉദ്യോഗസ്ഥർ യോഗം ചേരുകയുംജൂണ്‍ 29ന്‌ മുമ്പായി റോഡ് ഗതാഗത യോഗ്യമാക്കാൻ വാട്ടർ അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയുണ്ടായി.