”അയല്‍ക്കൂട്ടം നല്കിയ കരുത്തില്‍ അവര്‍ ബാംഗ്ലൂരിലേക്ക് പറക്കും”; ആദ്യ വിമാനയാത്രയ്ക്കൊരുങ്ങി കൊയിലാണ്ടി കുറുവങ്ങാട്ടെ സാഫല്യം അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്‍
കൊയിലാണ്ടി: ജീവിതത്തില്‍ ഇനിയൊരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം, അപ്രതീക്ഷിതമായി അത് നടക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട്ടെ സാഫല്യം അയല്‍ക്കൂട്ടം അംഗങ്ങളായ സ്ത്രീകള്‍. അയല്‍ക്കൂട്ടത്തിലെ മൂന്നോ നാലോ പേര് ഒഴിച്ച് ബാക്കിയാലും ജീവിതത്തില്‍ ഒരിക്കല്‍പോലും വിമാനയാത്ര നടത്താത്തവരാണ്, ഒരിക്കലെങ്കിലും വിമാനത്തില്‍ ഒന്ന് കയറണമെന്ന ആഗ്രഹം മനസില്‍ ഒളിപ്പിച്ചുവെച്ചവരും. ഇപ്പോള്‍ ആ മോഹമാണ് ഈ ശനിയാഴ്ച സഫലമാകാന്‍ പോകുന്നത്.
ബാംഗ്ലൂരേക്കാണ് ഇവരുടെ യാത്ര. 20 അംഗങ്ങളുള്ള അയല്‍ക്കൂട്ടത്തിലെ 15 പേരാണ് യാത്രാ സംഘത്തിലുള്ളത്. കൂടാതെ അയല്‍ക്കൂട്ട അംഗങ്ങളുടെ മക്കളും ബന്ധുക്കളുമായി അഞ്ചുപേര്‍ കൂടി കൂട്ടിനുണ്ട്. ബാംഗ്ലൂര്‍ കറങ്ങാന്‍ അവിടെ ബസ് ബുക്ക് ചെയ്തിട്ടുണ്ട്. തിരിച്ച് ട്രെയിനില്‍ നാടുപിടിക്കും.
എഴുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്വരെയുണ്ട് യാത്രാ സംഘത്തില്‍. സംഘത്തിലെ മൂന്നോ നാലോ പേര് മാത്രമാണ് ഇതിന് മുമ്പ് വിമാനയാത്ര നടത്തിയതെന്ന് യാത്രയ്ക്ക് നേതൃത്വം നല്കുന്ന അയല്‍ക്കൂട്ട അംഗമായ ശാന്ത ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൂന്നാലുപേര് ഇതുവരെ ട്രെയിനില്‍ പോലും സഞ്ചരിക്കാത്തവരാണ്. കഴിഞ്ഞവര്‍ഷം വയനാട്ടിലേക്ക് വിനോദയാത്ര നടത്തിയിരുന്നു.
അടുത്തവര്‍ഷം കുറേക്കൂടി ദൂരത്തേക്ക് പോകണമെന്ന് അന്ന് പറഞ്ഞിരുന്നു. വിമാനയാത്രയെന്ന ആഗ്രഹം അയല്‍ക്കൂട്ടത്തില്‍ പലരും തുറന്നുപറഞ്ഞതോടെ എന്നാല്‍ വിമാനയാത്ര തന്നെയാവാമെന്ന് തീരുമാനിച്ചാണ് ഈ യാത്ര പ്ലാന്‍ ചെയ്തതെന്നും ശാന്ത ടീച്ചര്‍ പറഞ്ഞു.
ഒരുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സ്വപ്നയാത്ര സഫലമാകാന്‍ ശനിയാഴ്ചയാവാന്‍ ദിവസമെണ്ണി കാത്തിരിക്കുകയാണ് സംഘത്തിലെ ഭൂരിപക്ഷം പേരും.