കൊച്ചിയില്‍ ട്രാഫിക് സിഗ്‌നലിൽ ഇടിച്ച ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞു; ബൈക്ക് യാത്രികൻ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌


കൊച്ചി: മരടിനടുത്ത് ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയന്‍(33) ആണ് മരിച്ചത്. അപകടത്തില്‍ ബസിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.

മടവനയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബാംഗ്ലൂരില്‍ നിന്നും വര്‍ക്കലയിലേക്ക് വരികയായിരുന്ന എന്‍എല്‍ 01ജി 2864 റജിസ്‌ട്രേഷനുള്ള കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ട്രാഫിക് സിഗ്നലില്‍ റെഡ് സിഗ്നല്‍ വന്നതോടെ ബസ് നിര്‍ത്താനുള്ള ശ്രമത്തിനിടെ സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം.

ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിര്‍ത്തിയിട്ട ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,

അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഏഴു പേരെ മരട് ലേക്ക്‌ഷോര്‍ ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലുമാണ് മാറ്റിയത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് മാറ്റിയതിന് ശേഷമാണ് ജിജോയെ പുറത്തെടുത്തത്.