വര്‍ണ്ണങ്ങള്‍ ചാലിച്ച ചുമരുകളും കൂടാരവും; കളിയിടവും സംഗീതഇടവും തുടങ്ങി നിരവധി, പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണ്ണക്കൂടാരമൊരുക്കി ആന്തട്ട ഗവ യുപി സ്‌കൂള്‍


കൊയിലാണ്ടി: പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ ശാരീരിക, മാനസിക, വൈയക്തിക വളര്‍ച്ചക്കാവശ്യമായ വര്‍ണ്ണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയ്ക്ക് അനുവദിച്ച 30 വര്‍ണ്ണക്കൂടാരങ്ങളില്‍ പൂര്‍ത്തീകരിച്ച ആദ്യത്തെ വര്‍ണ്ണക്കൂടാരമാണ് ഉദ്ഘാടനം ചെയ്യപ്പെട്ട ആന്തട്ട ഗവ യുപി സ്‌കൂളിലേത്.

കുട്ടികള്‍ക്കായി അഭിനയ ഇടം, കളിയിടം, സെന്‍സറി ഇടം, സംഗീത ഇടം, നിര്‍മാണ ഇടം, ഭാഷാ വികസന ഇടം, ഹരിത ഇടം, ഗണിത ഇടം, ഇലക്ട്രോണിക്‌സ് ഇടം തുടങ്ങി 13 ഇടങ്ങളാണ് ക്ലാസ് റൂമിലും പുറത്തും ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരള അനുവദിച്ച പതിനൊന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണക്കൂടാരം നിര്‍മിച്ചത്.


പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എന്‍. അജയന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സുധ, പി. സുധ,നൂണ്‍മീല്‍ ഓഫീസര്‍ എ. അനില്‍കുമാര്‍, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധന്‍, മധു കിഴക്കയില്‍, എ.കെ. രോഹിണി ,ഇ. ഷിംന എന്നിവര്‍ പ്രസംഗിച്ചു.

കൂടാതെ വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ പി. ജയകുമാര്‍, ഡോ. രഞ്ജിത്ത് ലാല്‍ എന്നീ അധ്യാപകര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉപഹാരങ്ങള്‍ നല്‍കി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.ഹെഡ്മാസ്റ്റര്‍ സി. അരവിന്ദന്‍ സ്വാഗതവും ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.