കാലവർഷം കനത്തപ്പോൾ വീണ്ടും വെള്ളക്കെട്ടിൽ മുങ്ങി അടിപ്പാതകൾ: ഗതാഗതക്കുരുക്കും കാൽനട യാത്രക്കാരും ദുരിതത്തിൽ, എന്ന് തീരും ഈ കഷ്ടപ്പാട്



കൊയിലാണ്ടി: മഴ വീണ്ടും കനത്തതോടെ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അടിപ്പാതകള്‍ വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി മഴ ശക്തമായി പെയ്തതോടെ കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്ക് പോലും അടിപ്പാത വഴി സഞ്ചാരം ദുഷ്‌ക്കരമായിരിക്കുകയാണ്.

പ്രധാനമായും കൊയിലാണ്ടി മേഖലയിൽ നാലിടങ്ങളിലാണ് അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയായത്. ചെറിയ മഴ പെയ്താല്‍ കൂടി നിരന്തരം വെള്ളക്കെട്ട് രൂപപ്പെടുന്നത്. കൊയിലാണ്ടി മുത്താമ്പിറോഡ്, കൊല്ലം, ആനക്കുളം, മൂരാട്-ഇരിങ്ങല്‍ എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് വെള്ളക്കെട്ടും കുഴികളുമാണ് ഇവിടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നത്.

അടിപ്പാത വഴി വാഹനഗതാഗതം സുഗമമാക്കാമെന്ന് കരുതിയപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ കഷ്ടപ്പാടാണ് ഇതിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത്. മൂരാട് ഇരിങ്ങല്‍-ഓയില്‍ മില്ലിനടുത്ത് നിർമ്മിച്ച അടിപ്പാതയുടെ പ്രവൃത്തിയാണ് ആദ്യം തുടങ്ങിയത്. എന്നാൽ അവസാന ഘടത്തിലാണ് ഇതിന്റെ പ്രവൃത്തി പൂർത്തിയായത്.ജനുവരി മാസമാണ് അടിപ്പാത ​ഗതാ​ഗതത്തിനായി തുറന്നത്. വേനല്‍ മഴ തുടങ്ങിയത് മുതല്‍ ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. വെള്ളക്കെട്ട് മൂലം കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി നടന്നുപോകാന്‍ കഴിയുന്നില്ല. കൂടാതെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിക്കുന്നതും കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സര്‍വ്വീസ് റോഡില്‍ മുഴുവനായും വെള്ളക്കെട്ടിക്കിടക്കുന്നത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ്. സ്‌കൂള്‍ തുറന്നതിനാല്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി ആളുകളാണ് അടിപ്പാത വഴി സഞ്ചരിക്കുന്നത്. ഇതുവഴി ​ഗതാ​ഗതക്കുരുക്ക് പതിവായതോടെ വെെകിയാണ് അടിപ്പാതകള്‍ വഴി സഞ്ചരിക്കുന്നവർ ജോലിക്ക് ഉൾപ്പെടെ എത്തിച്ചേരുന്നത്.

കൊല്ലം അടിപ്പാതയില്‍ നിരന്തം ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാല്‍നടയാത്ര മുതല്‍ ചെറുവാഹനങ്ങല്‍ വരെ വെള്ളക്കെട്ടില്‍ അകപ്പെടുകയാണ്. മഴ കനക്കുന്നതോടെ സ്ഥിതി തുടരാനാണ് സാധ്യത. ആനക്കുളം – മുചുകുന്ന് റോഡില്‍ മെയ്മാസമാണ് അടിപ്പാത തുറന്നത്. നാട്ടുകാര്‍ സമരരംഗത്തിറങ്ങുകയും ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തോടെയാണ് ഇവിടെ അടിപ്പാത അനുവദിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായ അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് സ്ഥിരമായിരിക്കുകയാണ്. ഓവുചാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് വെള്ളക്കെട്ടിന് കാരണം. യാത്രക്കാര്‍ ചളിക്കുളത്തിലൂടെ നടന്നുപോകേണ്ട സ്ഥിതിയാണുള്ളത്.

കഴിഞ്ഞ മഴക്കാലത്താണ് മുത്താമ്പി റോഡില്‍ അടിപ്പാത തുറന്നത്. ഒരു വര്‍ഷമായി അടിപ്പാത തുറന്നിട്ടും കാല്‍നടയാത്രക്കാര്‍ക്ക് യാതൊരുപരിഗണനയും നല്‍കുന്നില്ല. ഇവിടെയും മഴ പെയ്താല്‍ വെള്ളക്കെട്ടിന് യാതൊരുകുറവുമില്ല. വാഹനങ്ങള്‍ കടന്നുപോകാത്ത സമയം നോക്കി കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഇടക്കാലത്തായി വെള്ളക്കെട്ട് രൂക്ഷമായതോടെ ചെറിയ കുഴികളും രൂപപ്പെട്ടതോടെ വാഹനഗതാഗതം ബുദ്ധിമുട്ടിലായെന്ന് മാത്രമല്ല ഗതാഗതക്കുരുക്കിനും ഒട്ടും കുറവില്ലാതയി മാറിയിരിക്കുകയാണ്. അടിപ്പാതകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ വഴികളിലൂടെ സുഗമമായി യാത്ര ചെയ്യാനാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യാത്രക്കാര്‍.