കഷ്ടപ്പെട്ട് പഠിച്ച് പത്തില്‍ ഫുള്‍ എപ്ലസ് നേടി, എന്നിട്ടും പ്ലസ് വണ്ണിന് സീറ്റ് കിട്ടിയില്ല, ഒടുവില്‍ നടുവത്തൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണയ്ക്ക് ആശ്വാസം, ഇനി പഠനം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍


കീഴരിയൂര്‍: നടുവത്തൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണയ്ക്ക് തുടര്‍ പഠനം ഇനി പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍. എസ്.എസ്.എല്‍സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച അര്‍ജുന് മൂന്ന് അലോട്ട്‌മെന്റ് വന്നിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിച്ചിരുന്നില്ല. അഞ്ച് സെന്റ് ഭൂമിയില്‍ പണി തീരാത്ത വീട്ടില്‍ നിന്നും കഷ്ടപ്പെട്ട് പഠിച്ചാണ് നടുവത്തൂര്‍ ആച്ചേരി കുന്നത്ത് അര്‍ജുന്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

സീറ്റ് ലഭിക്കാത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  തുടര്‍ന്ന് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പേരാമ്പ്ര ഹൈസ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് എം.അജയ്കുമാര്‍ കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. മാനേജ്‌മെന്റ്‌റ് ക്വാട്ടയിലാണ് അര്‍ജുന്‍ കൃഷ്ണക്ക് സൗജന്യമായി സീറ്റ് നല്‍കിയിരിക്കുന്നത്. കൂടാതെ രണ്ടു വര്‍ഷത്തെ പഠന ചിലവ് മുഴുവനായും വഹിക്കുന്നതായും മനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ അര്‍ജുന്‍ കൃഷ്ണയുടെ വീട്ടിലെത്തി അറിയിച്ചു.

 

കഷ്ടപ്പാടിലും പൊരുതി നേടി ഫുള്‍ എപ്ലസ്; മൂന്നാം അലോട്ട്‌മെന്റ് വന്നിട്ടും പ്ലസ്‌വണ്ണിന് സീറ്റ് ലഭിക്കാതെ കീഴരിയൂര്‍ സ്വദേശി

ബിജുവിനേയും അമ്മ മഞ്ജുഷയുടെയും ഏക മകനാണ് അര്‍ജുന്‍ കൃഷ്ണ. ഇവരുടെ ഏകപ്രതീക്ഷയും. നല്ലപോലെ പഠിച്ച് ജോലി നേടി വീട് പണി പൂര്‍ത്തീകരിക്കണമെന്നാണ് അര്‍ജുന്റെ ആഗ്രഹം. ‘മൂന്ന് അലോട്ട്‌മെന്റുകളും വന്നിട്ടും സീറ്റ് ലഭിക്കാത്തപ്പോള്‍ തുടര്‍പഠന ചിലവ് ആലോചിച്ച് അച്ഛനും അമ്മയ്ക്കും വലിയ സങ്കടമുണ്ടായിരുന്നു, അതു കണ്ട് മൊത്തത്തില്‍ എനിക്കും ടെന്‍ഷനായി’. ഇങ്ങനെയായിരുന്നു മാധ്യമങ്ങളോട് അര്‍ജുന്‍ പ്രതികരിച്ചത്.

ഒന്നാം ഓപ്ഷനായി അര്‍ജുന്‍ തിരഞ്ഞെടുത്തത് പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍തന്നെയായിരുന്നു. സയന്‍സ് പഠിക്കണമെന്നായിരുന്നു അര്‍ജുന്റെ ആഗ്രഹവും. രാത്രി 12 മണിയ്ക്ക് തറയിലിരുന്ന് തങ്ങളെ ബുദ്ധിമുട്ടിക്കാതെ മോന്‍ പഠിക്കുമായിരുന്നെന്ന് അര്‍ജുന്റെ അമ്മ പറയുന്നു.

അര്‍ജുന്റെ വീട്ടിലെത്തിയ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളെ മാതാപിതാക്കളായ ബിജുവും മഞ്ജുഷയും ചേര്‍ന്നു സ്വീകരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. അജയ്കുമാര്‍, സെക്രട്ടറി സുധാകരന്‍ വരദ, ട്രഷറര്‍
ഗംഗാധരന്‍ കോവുമ്മല്‍, ജോ. സെക്രട്ടറി പൂക്കോട്ട് ബാബുരാജ്, കമ്മിറ്റി അംഗം ഹരി എച്ച്.പി ദാസ്’, സ്‌കൂള്‍ അധ്യപകന്‍ വി.ബി.ര ാജേഷ് എന്നിവരാണ് നടുവത്തൂരിലെ വീട്ടിലെത്തി അര്‍ജുന്‍ കൃഷ്ണക്ക് പ്ലസ് വണ്‍ സീറ്റ് അനുവദിച്ച വിവരം അറിയിച്ചത്.