കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചില്ല ; യു.ഡി.എഫ് സമരപ്രഖ്യാപന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം
മേപ്പയൂര്‍: കൊല്ലം-നെല്യാടി- മേപ്പയൂര്‍ റോഡ് നവീകരണ പണി തുടങ്ങാതെ റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 42 കോടി രൂപ വകയിരുത്തി നവീകരണം നടത്താന്‍ വേണ്ടി തീരുമാനിച്ച മേപ്പയൂര്‍- കൊല്ലം റോഡ് രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചിട്ടും നവീകരണ പദ്ധതി പൂര്‍ത്തീകരിക്കാതെ റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്നാണ് പ്രക്ഷോഭവുമായി യു.ഡി.എഫ് രംഗത്ത് വന്നിരിക്കുന്നത്.
ജല്‍ജീവന്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ റോഡ്ഗതാഗതം നിലവില്‍ വലിയ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ ജൂണില്‍ പണി തീര്‍ക്കേണ്ട ജലജീവന്‍ പൈപ്പില്‍ പ്രവൃത്തിയാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാത്തത്. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലും കുഴികള്‍ രൂപപ്പെട്ട നിലയിലുമാണുള്ളത്. കാലവര്‍ഷം കനത്തതോടെ വെള്ളക്കെട്ടും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു.
ഇന്ന് വൈകീട്ട് 4 മണിക്ക് മേപ്പയൂര്‍ ടൗണില്‍ സമര പ്രഖ്യാപന പൊതുയോഗം നടക്കും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുസ് ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് 24 ന് തികളാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി കിഫ്ബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത്, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങിയവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കും.
നരക്കോട് ജംഗ്ഷന് തൊട്ടുമുന്‍പ് ചളിക്കുളമായിക്കിടക്കുന്ന റോഡ്
കല്ലങ്കി കയറ്റംകയറി ഇറങ്ങുമ്പോള്‍ ഉള്ള റോഡില്‍ കുഴി രൂപപ്പെട്ട നിലയില്‍