കെഎസ്ആർടിസി ബസിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി, രണ്ട് പേർ തൽക്ഷണം മരിച്ചു; മലപ്പുറത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്


മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു.

ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നാണ് അപകടത്തിന്റെ ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ രണ്ടുപേര്‍ മരിച്ചു. ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഒരാള്‍ മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.

 

 

അപകടത്തിൽ ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുല്‍പറ്റ സ്വദേശികളാണ് മരിച്ചത്. അഷ്റഫ്(44), ഭാര്യ സാജിത(37), മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.