”സ്‌പെഷ്യലൈസ്ഡ് ഒ.പിയില്‍ 30 രോഗികള്‍ എന്ന നിലയില്‍ ചുരുക്കിയത് അനുവദിക്കാനാവില്ല”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. മുന്‍പ് 200ല്‍ അധികം രോഗികളെ മെഡിസിന്‍ വിഭാഗത്തില്‍ പരിശോധിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇത് 30 രോഗികള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാര്‍ക്ക് വലിയ ദുരിതമാണ് ഇത് നല്‍കുന്നത്.

മൂന്നര കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചു എന്ന് പറയപ്പെടുന്ന പ്രസവ സ്ത്രീ രോഗ ചികിത്സാ സംവിധാനമായ ലക്ഷ്യയില്‍ അടിസ്ഥാനപരമായി ആവശ്യമുള്ള യാതൊരു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടില്ല. 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെയും നവജാതശിശു വിദഗ്ധന്റെയും അനസ്തറ്റിസ്‌റിന്റെയും സേവനവും ഐസിയു, നിയോ നെറ്റോളജി ഐസിയു സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായാല്‍ മാത്രമേ ലക്ഷ്യ ലക്ഷ്യം കാണുകയുള്ളൂ. ഇതിനാവശ്യമായ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മോര്‍ച്ചറിയില്‍ ഫ്രീസര്‍ സംവിധാനം ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ഫാര്‍മസി സേവനം മുഴുവന്‍ സമയവും ലഭ്യമാകാത്തതിനാല്‍ രോഗികള്‍ക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങിക്കേണ്ടിവരും, ബ്ലഡ് ബാങ്ക് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികള്‍ വലിയ ദുരിതം അനുഭവിക്കുന്നു, പോര്‍ട്ടബിള്‍ എക്‌സറേ സംവിധാനം ഉപയോഗപ്പെടുത്താത്തത് അസ്ഥികള്‍ക്ക് ക്ഷതം സംഭവിച്ചത് ഉള്‍പ്പെടെ ഉള്ള ദുരിതവുമായി എത്തുന്ന വരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.

പൊതുജനത്തില്‍ നിന്ന് പിരിവെടുത്ത് നാല് ഷിഫ്റ്റ് ആയി പ്രവൃത്തി നിര്‍വഹിക്കുവാന്‍ തീരുമാനിച്ച ഡയാലിസിസ് യൂണിറ്റ് ഇപ്പോഴും രണ്ട് ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത ഒന്നേമുക്കാല്‍ കോടി രൂപ മുന്‍ എം.എല്‍.എയുടെയും മുന്‍ നഗരസഭാ ചെയര്‍മാന്റെയും പേരിലുള്ള അക്കൗണ്ടിലാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്.

വര്‍ഷങ്ങളോളം സ്ഥലം മാറ്റമില്ലാതെ തുടരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസ് പങ്കുവെച്ചു. മൂന്നുമാസത്തിലധികമായി ചര്‍മ്മരോഗ വിദഗ്ധ ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന ആശുപത്രികളില്‍ സ്റ്റേറ്റ് റിവ്യൂ മിഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി ഹോസ്പിറ്റലിനെ ഒഴിവാക്കി നിര്‍ത്തിയ നടപടി അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉന്നയിക്കപ്പെട്ടു.

ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്തിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗങ്ങളായ രത്‌നവല്ലി ടീച്ചര്‍, നാണു മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, അഡ്വക്കേറ്റ് കെ വിജയന്‍, വി ടി സുരേന്ദ്രന്‍, വി.വി.സുധാകരന്‍, അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി, പ്രമോദ് വി.പി, സുമതി കെ.എം, ശ്രീജ റാണി, ജിഷ, മനോജ് പയറ്റുവളപ്പില്‍, ചെറുവക്കാട്ട് രാമന്‍, തന്‍ഹീര്‍ കൊല്ലം, സായിസ് എംകെ, ജെറില്‍ ബോസ് എന്നിവര്‍ പ്രസംഗിച്ചു. അജയ് ബോസ് സ്വാഗതവും നന്ദിയും പറഞ്ഞു.