മികച്ച പുസ്തകത്തിനുള്ള പെണ്‍പെരുമ സാഹിത്യപുരസ്‌കാരം പന്തലായനി സ്വദേശി ഷമീമ ഷഹനായി എഴുതിയ ‘ഉടല്‍ത്തുടിയ്ക്ക്’


കൊയിലാണ്ടി: മികച്ച പുസ്തകത്തിനുള്ള പെണ്‍പെരുമ സാഹിത്യപുരസ്‌കാരം പന്തലായനി സ്വദേശി ഷമീമ ഷഹനായി എഴുതിയ ഉടല്‍ത്തുടിയ്ക്ക്. തിരഞ്ഞെടുത്ത അന്‍പത് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങളില്‍ നിന്നാണ് ഷമീമയുടെ ‘ഉടല്‍ത്തുടി’ യ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്.

കൂടാതെ ചെല്ലം, ഉടല്‍ത്തുടി എന്നീ പുസ്തകങ്ങള്‍ തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍ വെച്ച് പ്രമുഖ എഴുത്തുകാരി ചന്ദ്രമതി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ സുനില്‍ സി.ഇ. പുരസ്‌കാരം സമ്മാനിച്ചു. സഹോദരന്‍ ഹാഷിം പുന്നക്കല്‍ ‘ഉടല്‍ത്തുടിയും’ ഭാര്യ ഷമീമ ഹാഷിം ‘ചെല്ലം’ എന്ന പുസ്തകവും ഏറ്റുവാങ്ങി. ബുക്ക് കഫെയാണ് രണ്ട് പുസ്തകത്തിന്റെയും പ്രസാധകര്‍.

ഇതുവരെ നാല് പുസ്തകങ്ങളാണ് ഷമീമ എഴുതിയിരിക്കുന്നത്. വാചാലമൗനങ്ങള്‍ എന്ന കവിതാസമാഹാരവും സുഗന്ധപൂരിതം ഈ തിരുജീവിതം എന്ന പുസ്തകവുമാണ് എഴുതിയിട്ടുള്ളത്. എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നിട്ട് അഞ്ചുവര്‍ഷത്തോളമായെന്നും പുരസ്‌ക്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷമീമ ഷഹനായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.