ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരിമരുന്നെത്തിക്കും, ആവശ്യക്കാരെ കണ്ടെത്തി ചില്ലറ വിൽപ്പന; എംഡിഎംഎയുമായി നാദാപുരം സ്വദേശിനിയായ യുവതിയും യുവാവും അറസ്റ്റിൽ
പാലക്കാട്: വിൽപ്പനയക്കായെത്തിച്ച മയക്കുമരുന്നുമായി നാദാപുരം സ്വദേശിനിയായ യുവതിയും പാലക്കാട് സ്വദേശിയായ യുവാവും പോലീസ് പിടിയിൽ. നാദാപുരം മാളിയേക്കൽ പറമ്പിൽ ആൻസി (29), മണ്ണാർക്കാട് കുന്തിപ്പുഴ കോലൻതൊടി വീട്ടിൽ അൻഷാബ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
പാലക്കാട് എഎസ്പി അശ്വതി ജിജിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലാംഗ് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 7.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ഉള്ള മലാംഗ് ലോഡ്ജിൽ സ്ഥിരമായി റൂമെടുത്തായിരുന്നു ആൻസിയുടെയും അൻഷാബിന്റെയും കഞ്ചാവ് വിൽപ്പന. ബെംഗളൂരുവിൽ നിന്നും മറ്റും എംഡിഎംഎ പോലുള്ളമയക്കുമരുന്ന് എത്തിച്ച് ജില്ലയിൽ ആവശ്യക്കാരെ കണ്ടെത്തി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവര്.
ബെംഗളൂരുവിൽ നഴ്സായ ആൻസി മലബാർ മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. മുമ്പ് വിദേശത്തായിരുന്നു അൻഷാബ്, ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷമാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നത്. ട്രെയിൻമാർഗം ആൻസിയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഇത് ആവശ്യക്കാരെ കണ്ടെത്തി വിൽപ്പന നടത്തുന്നത് അൻഷാബാണ്.