‘തുളു’ ചിത്രം ‘തുടര്‍’ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ മേപ്പയ്യൂരിനും അഭിമാനിക്കാം; ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരന്‍ ചന്തു


മേപ്പയ്യൂര്‍: കര്‍ണാടകയിലെ തിയേറ്ററുകളില്‍ തുടര്‍ എന്ന തുളു ചിത്രം ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മേപ്പയ്യൂര്‍ സ്വദേശി ചന്തു സന്തോഷത്തിലാണ്. മലയാളത്തില്‍ സ്വതന്ത്ര ക്യാമറമാനായ
ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടര്‍. ചിത്രം മികച്ച അഭിപ്രായങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

സുമുഖ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വില്‍സണ്‍ റിബലോ നിര്‍മിച്ച ചിത്രം എല്‍ട്ടണ്‍, തേജേഷ് പൂജാരി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബുക്ക്‌മൈ ഷോയില്‍ റിലീസ് ചെയ്ത ‘പടച്ചോന്റെ കഥകള്‍’ എന്ന ആന്തോളജി ചിത്രമാണ് ചന്തു മേപ്പയൂര്‍ സ്വതന്ത്ര ക്യാമറാമാന്‍ ആയ മലയാള ചിത്രം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അന്തരം’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ക്യാമറാമാന്‍ കൂടിയാണ് ചന്തു. കൂടാതെ ദേശിയ അന്തര്‍ദേശിയ മാഗസീനുകളില്‍ ചന്തുവിന്റെ ഫോട്ടോകള്‍ ശ്രദ്ധ നേടാറുണ്ട്.

ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ മെറ്റേണിറ്റി ഫോട്ടോകള്‍ക്ക് പിന്നിലും ചന്തുവിന്റെ ക്യാമറകളായിരുന്നു. കോഴിക്കോട് ഉമ്മളത്തൂരിലെ സിയയുടെയും സഹദരിന്റെയും ഫോട്ടോഷൂട്ട് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയായ ചന്തു തന്റെ പാഷന്‍ എന്ന നിലയിലാണ് ക്യാമറയെയും ഫോട്ടോഗ്രാഫിയെയും കാണുന്നത്. വെഡ്ഡിങ് ഫോട്ടോ ഗ്രാഫിയിലൂടെയാണ് ഈ രംഗത്ത് കാലെടുത്തുവെച്ചതെന്ന് ചന്തു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പേരാമ്പ്രയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പ്ര റോഡിലെ വൈയ്‌വ് മീഡിയയുടെ അമരക്കാരനാണ്. മലയാളത്തിലടക്കം പുതു അവസരങ്ങള്‍ക്ക് തുടര്‍ എന്ന ചിത്രത്തിന്റെ വിജയം തുണയാകുമെന്ന പ്രതീക്ഷയിലാണ് ചന്തു.