വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്നെത്തിച്ചു; ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: വിൽപ്പനക്കായി കൊണ്ടു വന്ന മയക്കു മരുന്നുമായി ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ, മലപ്പുറം നിലമ്പൂർ സ്വദേശിയായ ഷൈൻ ഷാജി, എന്നിവരെയാണ് വെള്ളയിൽ പോലിസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കോഴിക്കോട് എത്തിച്ചതായിരുന്നു മയക്കുമരുന്ന്.

കോഴിക്കോട് വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു ഇവരുടെ ലഹരി വിൽപ്പന. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച് നഗരം കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നത്.

രണ്ടു പ്രതികൾക്കെതിരെയും മുൻപും ലഹരി മരുന്നു വിൽപ്പന സംബന്ധമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യനെതിരെ പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലും, പേരാമ്പ്ര എക്സൈസ് ഓഫീസിലും നിലവിൽ കേസുകൾ ഉണ്ട്.

സംസ്ഥാനത്ത് ലഹരിക്കെതിരെ നടത്തിയ ഓപ്പറേഷൻ ഡി ഹണ്ട് ന്റെ ഭാഗമായി പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആൽബിൻ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു, എന്നാൽ ഇയാൾ വിദേശത്താണ് എന്നാണ് വീട്ടുകാർ അറിയിച്ചത്. പക്ഷേ ആൽബിൻ കോഴിക്കോട് വാടകവീട്ടിൽ താമസിച്ച് ദീർഘകാലമായി ലഹരി മരുന്നു വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.