ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ കൊയിലാണ്ടിയില്‍ നിന്ന് കരിങ്കല്ല് സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുവില്‍ക്കുന്നെന്ന് ആരോപണം; പന്തലായനിയില്‍ കരിങ്കല്ല് കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാര്‍
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണം നടക്കുന്ന പന്തലായനി പുത്തലത്ത് കുന്നില്‍ നിന്നും കരിങ്കല്ല് കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാര്‍. സൈറ്റ് ക്ലിയറന്‍സിന്റെ മറവില്‍ ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ കരിങ്കല്ലുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുവിറ്റെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു സംഘം പുത്തലത്ത് കുന്നിലെത്തി കരിങ്കല്ല് കൊണ്ടുപോവരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പാറപ്പൊട്ടിച്ചിട്ടതാണ് ഈ കല്ലുകള്‍. ഇത് ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എടുക്കാം. എന്നാല്‍ വര്‍ക്ക് നടക്കുന്ന സൈറ്റിലേക്ക് എന്ന തരത്തില്‍ സ്വകാര്യവ്യക്തികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കല്ല് ഇതിനകം വിറ്റിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നാലുദിവസത്തോളമായി ഇവിടെ നിന്നും ടിപ്പറുകളിലായി കല്ലുകള്‍ കൊണ്ടുപോകുന്നുണ്ട്. സര്‍ക്കാറില്‍ പൈസ അടച്ചശേഷം ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അനുമതി വാങ്ങിയേ സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ കഴിയൂ എന്നിരിക്കെയാണ് ഇതൊന്നുമില്ലാതെ യഥേഷ്ടം കരിങ്കല്ലുകള്‍ ഇവിടെ നിന്ന് കൊണ്ടുപോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.