‘ലോഡ് ഇറക്കാനായി താര്‍പ്പായ മാറ്റിയതും തീ പടരുന്നത് കണ്ടു’; നടുവണ്ണൂര്‍ കേരാഫെഡില്‍ ല്‍ ലോറിക്ക് തീപിടിച്ച സംഭവത്തില്‍ ഒരു ലക്ഷം രൂപയോളം നാശനഷ്ടം, ഒരു ടണ്ണോളം കൊപ്ര കത്തിനശിച്ചു


നടുവണ്ണൂര്‍: ‘ലോഡ് ഇറക്കാനായി താര്‍പ്പായ മാറ്റിയതും പുക മയം മാത്രം, തീപടരുന്നത് കണ്ടതോടെ എല്ലാവരെയും വിളിച്ചുകൂട്ടി’ നടുവണ്ണൂര്‍ മന്ദകാവിൽ ഉള്ള  കേരാഫെഡില്‍ കൊപ്ര കയറ്റിവന്ന ലോറിയ്ക്ക് തീപിടിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നതിങ്ങനെ. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊപ്രകയറ്റി വന്ന ലോറിയില്‍ ലോഡ് ഇറക്കുന്നതിനിടെ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

കോഴിക്കോട് നിന്നും കൊപ്ര കയറ്റി വന്ന ലോറിയായിരുന്നു. ലോഡ് ഇറക്കാനായി താര്‍പ്പായ മാറ്റി നോക്കിയപ്പോഴാണ് നടുഭാഗത്ത് നിന്ന് വലിയ പുകയും തീ ഉയരുന്നതും കണ്ടത്. ഉടനെ തന്നെ കേരാഫെഡിലെ സെക്യൂരിറ്റി ജീവനക്കാരും ഡ്രൈവര്‍മ്മാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

തീ കൂടുതല്‍ പടരുന്നതിന് മുന്‍പെ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരു ടണ്‍ ( 20 ചാക്ക്) കൊപ്ര നശിച്ചിട്ടുണ്ടെന്ന് ലോറി ഡ്രൈവര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 16 ടണ്‍ (350 ചാക്കോളം കൊപ്രയാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

ലോഡ് ഇറക്കുമ്പോള്‍ തന്നെ തീ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. Spontaneous combustion (രാസപ്രവര്‍ത്തനത്തിലൂടെ ഉള്ളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന താപത്തില്‍ നിന്ന് വസ്തു തീ പിടിക്കുന്നത്) ഭാഗമായി തീ കത്തിയതാണെന്നു കരുതപ്പെടുന്നു. സംഭവത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി തീ പൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു.

ലോറി ഡ്രൈവര്‍മാരായ മുഹമ്മദലി, അക്ഷയ്, ഷാജു, സലാം സെക്യുരിറ്റി ജീവനക്കാര്‍, അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ പ്രമോദ്, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എം മജീദ്, മെക്കാനിക്ക്, ഇ.പി ജനാര്‍ദ്ദനന്‍, ഫയര്‍മാന്‍മ്മാരായ വിനേഷ് കുമാര്‍ പി.കെ , ഇര്‍ഷാദ് ടി.കെ , ഷിജു ടി.പി, ഷിജിത്ത് സി, സനല്‍രാജ് കെ,എം, ഫര്‍മാന്‍മാര്‍ വ്രൈര്‍മ്മാര്‍ റിനീഷ്, റഷീദ് കെ.പി ഹോംഗാര്‍ഡ് രാജീവ് വി.ടി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ടു.