തൃശ്ശൂരും പാലക്കാടും ഒരേ സമയം ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി


തൃശൂര്‍/പാലക്കാട്: തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂമികുലുക്കം. ഭൂമിക്കടിയില്‍ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ 8.15 ഓടെയാണ് സംഭവം. നിലവില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാവിലെ 8.15ന് റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ വേലൂര്‍, കടങ്ങോട്, എരുമപ്പെട്ടി, വരവൂര്‍, ഗുരുവായൂര്‍, പഴഞ്ഞി, കാട്ടകാമ്പാല്‍, മങ്ങാട് മേഖലകളിലാണ് ഭൂമി കുലുക്കമുണ്ടായത്. രാവിലെ 8.15ന് മൂന്ന് സെക്കന്‍ഡ് നേരം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്.

പാലക്കാട് ജില്ലയില്‍ തിരുമറ്റക്കോടിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഇവിടെയും രാവിലെ 8.15നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. വലിയ ഇടിമുഴക്കത്തോടെയുള്ള ശബ്ദമാണ് കേട്ടതെന്നും പ്രകമ്പനം മൂന്ന് സെക്കന്‍ഡ് നീണ്ടുനിന്നെന്നും സ്ഥലവാസികള്‍ പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വിടുകള്‍ക്ക് കേടുപാടോ വിള്ളലോ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.