കാറിന്റെ ഡോര്‍ പോലും അടക്കാതെ അമിതവേഗതയില്‍ കുതിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചുവീഴ്ത്തി, കോഴിക്കോട് സ്വദേശി ഒടുവില്‍ എക്സൈസിന്റെ പിടിയില്‍; പരിശോധനയില്‍ കണ്ടെടുത്തത് കഞ്ചാവും എം.ഡി.എം.എയും
മട്ടന്നൂര്‍: ലഹരി ഉപയോഗിച്ച് അപകടകരമാംവിധം വാഹനമോടിക്കുകയും ലഹരി കടത്തുകയും ചെയ്ത കോഴിക്കോട് സ്വദേശി മട്ടന്നൂരില്‍ പിടിയില്‍. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാന് (31) ആണ് പിടിയിലായത്. ഇയാളുടെ കാറില്‍നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എം.ഡി.എം.എ.യും പിടിച്ചു.
തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് ബെംഗളൂരുവില്‍നിന്ന് വരുന്ന കാര്‍ കൂട്ടുപുഴ ചെക്പോസ്റ്റിലെത്തിയത്. വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ലഹരിയിലായിരുന്ന ഇയാള്‍ കാറുമായി കടന്നുകളയുകയായിരുന്നു. ബംഗളുരുവില്‍ നിന്നും ലഹരി വസ്തുക്കളുമായെത്തിയ ഇയാള്‍ കൂട്ടുപുഴ ചെക്പോസ്റ്റില്‍ എക്സൈസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുകയായിരുന്നു. കാറിന്റെ ഡോര്‍ പോലും അടയ്ക്കാതെ കുതിച്ച ഇയാള്‍ വഴിയില്‍ നിരവധി വാഹനങ്ങളെ ഇടിച്ചുവീഴ്ത്തി.
ഇരിട്ടി എക്സൈസ് സംഘത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി ടൗണിന് സമീപം കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫിറോസിനെ പിടിക്കാനായില്ല. തുടര്‍ന്ന് മട്ടന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥരെയും അറിയിച്ചശേഷമാണ് കാര്‍ തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒടുവില്‍ മട്ടന്നൂര്‍ കരേറ്റയില്‍വെച്ചാണ് എക്സൈസ് സംഘം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്.