കൊയിലാണ്ടി പൊലീസ് ഫോണെടുത്തു, എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നും സന്തോഷക്കണ്ണീര്‍ പൊഴിച്ച് റിയാസും കുടുംബവും; മേപ്പയ്യൂരുകാരന് മുമ്പില്‍ കൊല്ലം സ്വദേശിയായ മുഫീദ് ദൈവമായി മാറിയ കഥയറിയാം
ജീവിതത്തില്‍ ചിലപ്പോഴൊക്കെ ദൈവിക കരസ്പര്‍ശങ്ങള്‍ നമുക്കൊക്കെ കിട്ടാറുണ്ട്. മേപ്പയ്യൂര്‍ സ്വദേശിയായ മീത്തലമനയില്‍ റിയാസിന്റെയും ഭാര്യയുടെയും ജീവിതത്തില്‍ അങ്ങനെയൊരു ദിവസമായിരുന്നു ഇന്ന്. ആ ദൈവിക കരസ്പര്‍ശം ലഭിച്ച നിമിഷങ്ങള്‍ അരങ്ങേറിയതാകട്ടെ കൊയിലാണ്ടിയിലും. പ്രവാസിയായ മേപ്പയൂര്‍ സ്വദേശി റിയാസും ഭാര്യയും നാട്ടിലേക്കുള്ള യാത്രക്കിടയില്‍ കൊയിലാണ്ടിയിലെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. അധികം വൈകാതെയാണ് കയ്യില്‍ ഉണ്ടായിരുന്ന ബാഗ് കാണുന്നില്ല എന്ന് തിരിച്ചറിയുന്നത്.
ഉടനെ തന്നെ തിരിച്ച് ഭക്ഷണം കഴിച്ച ഹോട്ടലിലും പരിസരങ്ങളിലും റോഡുകളിലും ഒക്കെ വിശദമായി നോക്കിയെങ്കിലും നഷ്ടപ്പെട്ട ബാഗ് കണ്ടെത്താനായില്ല. സ്വര്‍ണ്ണവും സ്വന്തം പാസ്‌പോര്‍ട്ടും രണ്ടു മൊബൈല്‍ ഫോണും മറ്റു പല വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്ന ബാഗാണ് കാണാതായത്. പ്രവാസിയായ റിയാസിന് അടുത്തയാഴ്ച തിരിച്ചുപോകുകയും വേണം.
തന്റെ ജീവിതത്തിന്റെ മുമ്പോട്ട് പോക്ക് തന്നെ അനിശ്ചിതത്വത്തിലായ നിമിഷങ്ങളായിരുന്നു ഇരുവരെയും സംബന്ധിച്ച് അത്. രാവിന്റെ ഇരുട്ടിനേക്കാള്‍ തന്റെ ഭാവി ജീവിതത്തിലെ ഇരുട്ട് കണ്ണിലേക്ക് കയറുന്നതു പോലെ തോന്നിയ നിമിഷങ്ങള്‍. ബാഗിനകത്തുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണിലേക്കും മാറിമാറി വിളിച്ചെങ്കിലും യാതൊരു മറുപടിയും കിട്ടുന്നുണ്ടായിരുന്നില്ല. കുറച്ചു നേരത്തെ പരിശ്രമത്തിനുശേഷം മറുതലക്കല്‍ ഫോണ്‍ എടുത്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നിന്ന് ആ ഫോണ്‍ എടുത്തപ്പോഴാണ് അവര്‍ക്ക് ശ്വാസം തിരിച്ച് കിട്ടിയത്.
ആ ബാഗ് റോഡില്‍ നിന്ന് കളഞ്ഞു കിട്ടി അവിടെ ഏല്‍പ്പിച്ചത് കൊയിലാണ്ടി കൊല്ലം സ്വദേശിയും ഐ ഒപ്ടിക്കല്‍ ഉടമയുമായ തൈവളപ്പില്‍ മുഫീദായിരുന്നു. ആശങ്കയില്‍ നിന്ന് ആശ്വാസത്തിലേക്കും സന്തോഷത്തിന്റെ കണ്ണീരിലേക്കും വഴിമാറിയ നിമിഷങ്ങളായിരുന്നു പിന്നീട് കണ്ടത്.