91കാരി ജാനകിയമ്മയ്ക്ക് പകരം 80കാരി ജാനകിയമ്മയെക്കൊണ്ട് വോട്ട് ചെയ്യിച്ചു; കുന്ദമംഗലത്ത് കള്ളവോട്ട് പരാതിയുമായി എല്‍.ഡി.എഫ്
കോഴിക്കോട്: കുന്ദമംഗലത്ത് വീട്ടിലെ വോട്ടില്‍ ക്രമക്കേടെന്ന് പരാതി. പായപ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം കൊടശ്ശേരി ജാനകിയമ്മയെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ചുവെന്നാണ് പരാതി.
കുന്ദമംഗലത്തെ പെരുവയല്‍ പഞ്ചായത്തില്‍ 84ാമത്തെ ബൂത്തിലാണ് ഇത്തരമൊരു പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടു ജാനകിയമ്മമാരില് വീട്ടില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിച്ചതായി ഒരാളുടെ പേരാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. 91 വയസുള്ള പായപ്പുറത്ത് ജാനകിയമ്മയുടെ പേരാണ് ലിസ്റ്റിലുണ്ടായിരുന്നത്. ലിസ്റ്റില്‍ ഉള്ള ജാനകിയമ്മയെ ഒഴിവാക്കി ബി.എല്‍.ഒ ലിസ്റ്റില്‍ ഇല്ലാത്ത കൊടശ്ശേരി ജാനകിയമ്മയെക്കൊണ്ട് വോട്ട് ചെയ്യിച്ചുവെന്നാണ് പരാതി.
കോണ്‍ഗ്രസ് അനുഭാവിയായ ബി.എല്‍.എ ബോധപൂര്‍വ്വം ചെയ്തതാണ് ഇതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. 91 വയസുള്ള വോട്ടര്‍ക്ക് പകരം 80 വയസുള്ള ജാനകിയമ്മയെക്കൊണ്ടാണ് വോട്ടു ചെയ്യിച്ചത്. രണ്ട് ജാനകിയമ്മമാരെയും കൃത്യമായി അറിയാവുന്നയാളാണ് ബി.എല്‍.ഒ. ആളുമാറിയെന്നും തെറ്റിപറ്റിയെന്നും ബി.എല്‍.ഒയോട് പറഞ്ഞെങ്കിലും പരിശോധിക്കാന്‍ വോട്ടര്പട്ടികപോലും സംഘത്തിന്റെ കയ്യിലുണ്ടായിരുന്നില്ല. ഇതിനെതിരെ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും എല്‍.ഡി.എഫ് വ്യക്തമാക്കി.