രാവിലത്തെ പണിയും എളുപ്പമാക്കാം, കൊളസ്‌ട്രോളും കുറയ്ക്കാം- ഈ ഭക്ഷണം പരീക്ഷിച്ചു നോക്കൂ
രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ളവരാണ് ഏറെയും. എന്നാലും ഭക്ഷണമൊക്കെ തയ്യാറാക്കി ജോലിക്ക് പോകേണ്ടത് ഓര്‍ക്കുമ്പോള്‍ എഴുന്നേറ്റ് പോകും. രാവിലത്തെ തിരക്കില്‍ പ്രഭാതഭക്ഷണം അധികസമയം പാഴാക്കാതെ എങ്ങനെയുണ്ടാക്കാമെന്ന് അന്വേഷിക്കുന്നവരായിരിക്കും ഏറെ. എങ്കില്‍ പറ്റിയൊരു ഓപ്ഷനുണ്ട്. ഓട്‌സ്. കൊളസ്ട്രോള്‍ ഉള്ളവരാണെങ്കില്‍ അവരെ സംബന്ധിച്ച് ബെസ്റ്റ് ഓപ്ഷന്‍ കൂടിയാണിത്.
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായാണ് ഓട്‌സിനെ പലരും കാണുന്നത്. അമിതവണ്ണമുള്ളവര്‍ കഴിക്കുന്നതാണ് ഇത് എന്ന് ധരിക്കേണ്ട, എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ്. മൂന്നു നേരത്തെ ഭക്ഷണമായി ഓട്സ് വിഭവങ്ങള്‍ കഴിച്ചാലും നല്ലതാണ്.
പ്രഭാതഭക്ഷണമായി കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് ഇത്. നമ്മുടെ പതിവ് പ്രഭാതഭക്ഷണങ്ങളൊക്കെയും ഓട്സിലും പരീക്ഷിക്കാവുന്നതാണ്. ഗോതമ്പിനേക്കാള്‍ മികച്ചതാണ് ഓട്സെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഗോതമ്പിനുള്ളതിനേക്കാള്‍ കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സിലുണ്ട്. എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബിയുടെ കലവറ കൂടിയാണ് ഓട്സ്.
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിച്ചിരിക്കേണ്ട ഭക്ഷണമാണിത്. ഓട്‌സില്‍ വലിയ അളവില്‍ ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിച്ചാല്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കാന്‍ സാധിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത കൂട്ടാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇന്‍സുലിന്റേയും പഞ്ചസാരയുടെ അളവ് കൂടുന്നത് കുറച്ചുകൊണ്ടുവരാനും ഇതിന് കഴിവുണ്ട്.
ഓട്‌സില്‍ ധാരാളം ഒമേഗ-6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓട്സ് മുടിയെ കട്ടിയുള്ളതാക്കുകയും മുടികൊഴിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതിനോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ഭക്ഷണം കൂടിയാണിത്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഓട്സ് നല്ലതാണ്. ധാരാളമായി നാരുകള്‍ അടങ്ങിയ ഭക്ഷണമായതിനാല്‍ മലബന്ധം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിന് വലിയ ഗുണം ചെയ്യുന്ന ഭക്ഷണമാണിത്.
ഓട്സ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങള്‍:
നിങ്ങൾ സ്മൂത്തി ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്തിയിലേക്ക് കുതിർത്ത കുറച്ച് ഓട്‌സ് ചേർക്കുക. വാഴപ്പഴം ഉപയോഗിച്ചോ മറ്റോ തയ്യാറാക്കുന്ന സ്മൂത്തികളിലേയ്ക്ക് അല്പം ഓട്സ് കൂടെ ചേർക്കാം. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം കുതിർത്ത് ചേർക്കാം. പാല്‍ ഇഷ്ടമാണെങ്കില്‍ വെള്ളത്തിന് പകരം പാലില്‍ സ്മൂത്തി തയ്യാറാക്കാം. ശരീരഭാരം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് മാത്രമല്ല, അത് ഒരുപോലെ രുചികരവുമാണ് എന്നതാണ് ഏറ്റവും നല്ല കാര്യം.
ഓട്സ് ഉപ്പ്മാവ്:
ഓട്സ് ഒരു പാനിൽ ചെറിയ തീയിൽ അഞ്ച് മിനിറ്റ് വറത്തു മാറ്റുക. അതേ പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, അണ്ടിപരിപ്പ് എന്നിവ ചേർത്ത് കൊടുക്കുക.
അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവയിട്ട് മൂപ്പിച്ച ശേഷം കാരറ്റും ബീൻസും ഗ്രീൻ പീസും മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളം കൂടി ഒഴിച്ച് അഞ്ച് മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
പച്ചക്കറികൾ വെന്തതിനു ശേഷം വെള്ളവും ഓട്സും കൂടി ചേർത്ത് മൂന്ന് മിനിറ്റ് വീണ്ടും ചെറിയ ചൂടിൽ അടച്ചു വയ്ക്കുക. അവസാനം നാളികേരം ഇട്ട് ഇളക്കി ചൂടോടെ കഴിക്കുക… ഓട്സ് ഉപ്പുമാവ് തയ്യാറായി…
അടുത്തത് ഓട്‌സ് ദോശയാണ്. ഓട്‌സ് മിക്‌സിയില്‍ പൊടിച്ചെടുത്ത് അതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ ആക്കിയെടുത്ത് ചുട്ടെടുക്കാവുന്നതാണ്. ഓട്‌സ് കഴിക്കാന്‍ മടിയുള്ളവര്‍ക്കുള്ള മികച്ച ഓപ്ഷനാണിത്. പൊടിച്ചെടുത്ത ഓട്‌സില്‍ മുട്ടയും പച്ചക്കറികളും ചേര്‍ത്ത് ഓട്‌സ് ഓംലെറ്റും തയ്യാറാക്കാം. ഓട്‌സ് പൊടി ഉപയോഗിച്ച് പുട്ട്, ഉപ്പുവാവ്, ഇഡ്‌ലി എന്നിവയും തയ്യാറാക്കാം.