പൊതു സ്ഥലങ്ങളിലെ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുത്; ‘ജൂസ് ജാക്കിങ്’ മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്.
വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈബര്‍ ക്രിമിനലുകള്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതായാണ് വിവരം. ‘ജൂസ് ജാക്കിങ്’ എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഹാക്കിങ് രീതിയെ വിളിക്കുന്നത്.
നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കാന്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുനടക്കുക, പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈല്‍ ബന്ധിപ്പിക്കാതിരിക്കുക, ഫോണ്‍ ലോക്ക് ചെയ്യുക, ഫോണ്‍ ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബര്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം.
[id4]