മാനവികതയുടെ ഹൃദയം നിറയ്ക്കുന്ന മാതൃക; ചെരണ്ടത്തൂരിലെ രമ്യയുടെ വിവാഹത്തിന് സദ്യയും പന്തലുമൊരുക്കാന്‍ മഹല്ല് കമ്മിറ്റി


വടകര: ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുകയും വിഭജിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മതസൗഹാര്‍ദ്ദമാണ് നമ്മുടെ നാടിന്റെ മുഖമുദ്രയെന്ന് വിളിച്ചോതുന്ന വാര്‍ത്തയാണ് ചെരണ്ടത്തൂരില്‍ നിന്നുള്ളത്. ചെരണ്ടത്തൂര്‍ ഒറ്റപ്പിലാക്കൂല്‍ ഗോപാലന്റെയും ശാന്തയുടെയും മകള്‍ രമ്യയുടെ വിവാഹത്തോടനുബന്ധിച്ചാണ് വായിക്കുന്നവരുടെ ഹൃദയം നിറയ്ക്കുന്ന ഈ നന്മയുടെ വാര്‍ത്ത.

രണ്ട് ദിവസങ്ങളിലായാണ് വിവാഹം നടക്കുന്നത്. ഈ രണ്ട് ദിവസങ്ങളിലെയും സദ്യയൊരുക്കുന്നത് ചെരണ്ടത്തൂര്‍ കോവപ്പുറം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയാണ്. തീര്‍ന്നില്ല, വിവാഹത്തിന്റെ പന്തലൊരുക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് മഹല്ലിലെ യുവാക്കളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ്.

പള്ളിയിലെ എല്ലാ വിശേഷ ചടങ്ങുകളിലും പങ്കെടുക്കുകയും തങ്ങളാല്‍ കഴിയുന്ന സംഭാവനയും സഹായങ്ങളും നല്‍കുകയും ചെയ്യുന്നവരാണ് ഗോപാലനും കുടുംബവും. ഈ കുടുംബവും പള്ളിയുമായി ഉള്ളത് തലമുറകളുടെ പഴക്കമുള്ള ബന്ധമാണ്.

വിവാഹത്തിനായി ചെരണ്ടത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയെ ക്ഷണിച്ചപ്പോഴാണ് തങ്ങളുടെ അവകാശമെന്ന പോലെ ഭക്ഷണച്ചിലവ് കമ്മിറ്റി ഏറ്റെടുത്തത്. ഗോപാലന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം കമ്മിറ്റി അറിയിച്ചത്. ഇതിനൊപ്പം കല്യാണപ്പന്തലിന്റെയും വാടക സാധനങ്ങളുടെയും ചിലവ് തങ്ങള്‍ വഹിക്കാമെന്ന് മഹല്ലിലെ യുവാക്കളും ഏറ്റു. കൂടാതെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളിലും മഹല്ല് കമ്മിറ്റി സജീവമായി പങ്കെടുക്കുന്നുമുണ്ട്.

മഹല്ല് കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം ഫൈസി, കെ.സി.സലിം, എളങ്ങാട്ടില്‍ ഇബ്രാഹിം, എ.പി.തറുവായ്, ചെലാലകണ്ടി അബ്ദുള്ള എന്നിവര്‍ ഗോപാലന്റെ വീട്ടിലെത്തി മഹല്ല് കമ്മിറ്റിയുടെ തീരുമാനമറിയിച്ച് ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് ഏറ്റുവാങ്ങി. മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മയാണ് പന്തലിന്റെയും വാടകസാധനങ്ങളുടെയും ചെലവ് വഹിക്കുന്നത്. ഇതിനുള്ള തുക മഹലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലെ അംഗങ്ങളായ സനുദ്, നസീര്‍ മാക്കിലോടി, കല്ലട പൊയില്‍ മുഹമ്മദ് എന്നിവര്‍ കൈമാറി.

തിരുവള്ളൂര്‍ തുരുത്തിയില്‍ വിജേഷാണ് രമ്യയുടെ വരൻ.