ബാലുശ്ശേരി കിനാലൂരിൽ മലയിൽ തീപിടുത്തം
ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂരിൽ തീപിടുത്തം. എറമ്പറ്റയിലാണ് മലയിൽ തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടെയാണ് സംഭവം. നരിക്കുനിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
മലയിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് കുന്നിൽ മുകളിൽ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ അവർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
കുന്നിന്റെ താഴ് ഭാഗത്ത് ജനവാസ മേഖലയാണ്. ഇവിടത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ ആദ്യം സ്വീകരിച്ചത്. കാടുപിടിച്ച പ്രദേശമായതിനാൽ ഏറെ പാടുപെട്ടാണ് ഉദ്യോഗസ്ഥർ കുന്നിൻമുകളിലേക്ക് എത്തിയത്.
ഏകദേശം പത്തേക്കർ സ്ഥലത്തേക്ക് തീ പടർന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൂർണ്ണമായും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് നേരത്തെയും തീ പിടുത്തമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
ALSO READ- നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച് ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്