നിക്ഷേപത്തിന് ഉയര്‍ന്ന പലിശ, ഒപ്പം സര്‍ക്കാര്‍ ഗ്യരണ്ടിയും; പോസ്റ്റ് ഓഫീസുകളിലെ വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം വിശദമായി


കൊയിലാണ്ടി: ഭാവിയിലേക്കായി സാമ്പത്തികം കരുതിവെക്കണമെന്നാ?ഗ്രഹിക്കുന്നവരാണ് എല്ലാവരും. പണമായും സ്വര്‍ണ്ണം, വസ്തു എന്നിവ വാങ്ങിയുമെല്ലാം നമ്മള്‍ നിക്ഷേപങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബാങ്കുകളില്‍ സ്ഥിര നിക്ഷേപം ഇടുന്നവരുമുണ്ട്. നിക്ഷേപത്തിന്റെ സുരക്ഷയും പലിശയും കണക്കാക്കിയാണ് എല്ലാവരും എവിടെ സ്ഥിര നിക്ഷേപം ഇടണമെന്ന് തീരുമാനിക്കുക.

ഒരാഴ്ച മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധിയില്‍ നിങ്ങള്‍ക്ക് ബാങ്കുകളില്‍ സ്ഥിര നിക്ഷേപം സാധ്യമാണ്. എന്നാല്‍ 5 വര്‍ഷമാണ് നിങ്ങളുടെ നിക്ഷേപത്തിന്റെ കാലാവധിയെങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപം പരിഗണിക്കുന്നതാണ് നല്ലത്. കത്തുകള്‍ക്കായി മാത്രം പരിചിതമായ പോസ്റ്റോഫീസില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്ന കാര്യം നമുക്ക് അറിയില്ല എന്നതാണ് സത്യം. കത്തുകളുടേയും മറ്റ് രേഖകളുടേയും കൈമാറ്റത്തിനൊപ്പം വിവിധ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസുകള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഗ്യരണ്ടി ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. അതോടൊപ്പം നിങ്ങള്‍ക്ക് ഒന്നിലധികം എഫ് ഡികള്‍ ആരംഭിക്കാനാകും. ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തില്‍ തന്നെ സ്ഥിര നിക്ഷേപം ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതും വലിയ ഗുണമാണ്.

1 വര്‍ഷത്തെ കാലാവധിയുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.90 ശതമാനമാണ്. 2 വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7 ശതമാനവും മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് 7.10 ശതമാനവുമാണ് പലിശ. 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.5 ശതമാനമാണ്.

1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര ലഭിക്കും

1 ലക്ഷം രൂപ 1 വര്‍ഷത്തെ കാലാവധിയില്‍ സ്ഥിര നിക്ഷേപം നടത്തുകയാണെങ്കില്‍ പലിശയിനത്തില്‍ ലഭിക്കുക 7,081 രൂപയാണ്. അതായത് 1 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആകെ 1,07,081 രൂപ ലഭിക്കും.

2 വര്‍ഷത്തെ നിക്ഷേപ കാലാവധിയിലാണ് സ്ഥിര നിക്ഷേപമെങ്കില്‍ പലിശയിനത്തില്‍ ലഭിക്കുക 14,888 രൂപയും മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ പലിശയിനത്തില്‍ ലഭിക്കുക 23,508 രൂപയുമാണ്.

5 വര്‍ഷത്തെ കാലാവധിയിലാണ് സ്ഥിര നിക്ഷേപം നടത്തുന്നതെങ്കില്‍ 44,995 രൂപ പലശയിനത്തില്‍ ലഭിക്കും. അതായത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുക 1,44,995 രൂപ. അതോടൊപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

5 വര്‍ഷത്തെ സ്ഥിര നിക്ഷേപം അന്വേഷിക്കുന്നവര്‍ക്കുള്ള മികച്ച തിരഞ്ഞെടുപ്പാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്.

അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. പോസ്റ്റോഫീസുകള്‍ വഴിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. പലിശ നിരക്ക് 7.7 ശതമാനമാണ്.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം

ഒറ്റയ്ക്കോ, മൂന്ന് പേര്‍ വരെ ചേര്‍ന്ന് സംയുക്തമായോ നിക്ഷേപ അക്കൗണ്ട് തുറക്കാം. കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. പത്ത് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് നികുതിയിളവ് ലഭിക്കും.

1 ലക്ഷത്തിന് എത്ര പലിശ ലഭിക്കും

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 7.7 ശതമാനമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതായത് 1 ലക്ഷം രൂപ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 5 വര്‍ഷം കൊണ്ട് 44,903 രൂപ പലിശയായി നേടാം. അതോടൊപ്പം 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.