തിരുവന്തപുരത്ത് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തി; പ്രതികള്‍ പിടിയില്‍


തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ബീയര്‍ കുപ്പി കൊണ്ട് എക്‌സൈസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ മേലെ പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (30) ശംഭു (33) എന്നിവരാണ് പിടിയിലായത്.

മുട്ടളക്കുഴി ഭാഗത്ത് കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പന ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരിലൊരാളായ ഇല്‍ത്താഫ് മുഹമ്മദ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രതികളിലൊരാളായ അനീഷ്‌കുമാര്‍ ബിയര്‍ കുപ്പി പൊട്ടിച്ച് കൈയില്‍ കുത്തുകയായിരുന്നു.

തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ തിരുവല്ലത്തു നിന്ന് കൂടുതല്‍ പൊലിസെത്തി കസ്റ്റഡിയിലെടുത്തു. തിരുവല്ലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫയസ്, എസ്.ഐ മാരായ ജി. ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍, ഷിബു, രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.