ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (18/03/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ടെണ്ടര്‍
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മരാമത്ത് പ്രവൃത്തിക്കായി ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496- 2590232
മസ്റ്ററിംഗ് നടത്തണം
കേരളഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ഈ വര്‍ഷം ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ മാര്‍ച്ച് 20നകം മസ്റ്ററിംഗ് ചെയ്യുന്നതിനായി ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ആരോഗ്യകേന്ദ്രത്തിലെ ഒഴിവുകളില്‍ നിയമനം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒളവണ്ണ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഓരോ ഒഴിവ് വീതം) താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 24ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അളവ് തൂക്ക പുനഃപരിശോധനാ ക്യാമ്പ് 23 ലേക്ക് മാറ്റി
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വ്യാപാരികള്‍ക്കായി മാര്‍ച്ച് 24ന് നടത്താനിരുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് മാര്‍ച്ച് 23 ലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 8281698108
ഗതാഗതം നിരോധിച്ചു
മുല്ലപ്പള്ളി ചാലിയം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 19 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രബോധിനി മുതല്‍ ചാലിയം വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പ്രബോധിനി ജംഗ്ഷനില്‍ നിന്നും ചാലിയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടലുണ്ടി വഴി തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ദേശീയ സ്കൂള്‍ ഗെയിംസില്‍ 2016-17 മുതല്‍ 2019-20 അദ്ധ്യയനവര്‍ഷം വരെയുള്ള കാലയളവില്‍ മികച്ച നേട്ടം കരസ്ഥമാക്കിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kozhikodedde.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റാങ്ക് പേ കുടിശ്ശിക (ആര്‍മി ഓഫീസേഴ്സ്); അപേക്ഷ സമര്‍പ്പിക്കാം
സുപ്രീം കോടതിയുടെ 2012 സെപ്തംബര്‍ നാലിലെ ഉത്തരവ് പ്രകാരം റാങ്ക് പേ കുടിശ്ശിക ലഭിക്കാത്ത, സൈനിക സേവനത്തില്‍ നിന്നും വിരമിച്ച കോഴിക്കോട് ജില്ലയിലെ കമ്മീഷന്‍ഡ് ഓഫീസേഴ്സ് പി.സി.ഡി.എ(ഒ)യിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് https://pedaopune.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കേണ്ടതാണെന്ന് അസി. കണ്ട്രോളര് ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് അറിയിച്ചു. കൂടാതെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമായ ആര്‍മി ഓഫീസര്‍മാരുടെ ലിസ്റ്റിലും വിവരങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0495-2771881.
ഗോത്ര കലാമേള ‘തുടി’ 21, 22 തീയതികളില്‍
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സംഘടിപ്പിക്കുന്ന പാരമ്പര്യ ഗോത്ര കലാമേളയായ തുടി 2022 മാര്‍ച്ച് 21, 22 തീയതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. മാര്‍ച്ച് 21ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
അന്യം നിന്നു പോകുന്ന പാരമ്പര്യ ഗോത്ര വര്‍ഗ്ഗ കലകളെ ശാക്തീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വൈവിധ്യമാര്‍ന്ന ഗോത്ര കലാപരിപാടികള്‍ മേളയില്‍ അരങ്ങേറും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായ ചടങ്ങില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ബെന്നി പി. തോമസ് സ്വാഗതം പറയും.
ലതാ മങ്കേഷ്കര്‍ സ്മൃതി നാളെ
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന ലതാ മങ്കേഷ്കര്‍ സ്മൃതി നാളെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ലതാ മങ്കേഷ്കറുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ലതാ ജീ കീ ആവാസ്- ജുഗല്‍ ബന്ദിയും ഗസല്‍രാവും അരങ്ങേറും. കൂടാതെ, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് രണ്ടു തവണ എ ഗ്രേഡ് നേടിയ ചേമഞ്ചേരി പൂക്കാട് സ്വദേശി വി.കെ. ആദര്‍ശിന്റെ നേതൃത്വത്തില്‍ ചെണ്ടമേളവും കാലിക്കറ്റ് കലാലയയിലെ ഇസല് മലബാര്‍ കോല്‍ക്കളി സംഘം നാസര്‍ കുരിക്കളുടെയും ലത്തീഫ് കുരിക്കളുടെയും നേതൃത്വത്തില്‍ കോല്‍ക്കളിയും നടക്കും.
കേരള സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവ് അനീഷ് മണ്ണാര്‍ക്കാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും പരിപാടിയോടനുബന്ധിച്ചുണ്ടാകും. തുപ്പേട്ടന് രചിച്ച എടക്കാട് നാടക കൂട്ടായ്മയുടെ ‘അവാര്‍ഡ്’ എന്ന നാടകവും അരങ്ങേറും. പ്രശസ്ത സിനിമാതാരം ടി. സുരേഷ് ബാബുവും മറ്റു പ്രമുഖ അഭിനേതാക്കളും നാടകത്തില്‍ അണിനിരക്കും. ഇതു കൂടാതെ, സര്‍ക്കാറിന്റെ വികസന ഫോട്ടോ-വീഡിയോ പ്രദര്‍ശനവും നടക്കും.
ആസാദി കാ അമൃത് മഹോത്സവം; ജില്ലാതല ആഘോഷം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലാതല ആഘോഷ പരിപാടി നാളെ (മാര്‍ച്ച് 20) ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷത വഹിക്കും. തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാവും. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, എ.കെ. രാഘവന് എം.പി എന്നിവരുടെ വിശിഷ്ടസാന്നിധ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ രാജേന്ദ്രന് എടത്തുംകര സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രഭാഷണം നടത്തും.
ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ സബ് കളക്ടര്‍ വി. ചെല്‍സാസിനി ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് ആര്. ഐ.എ.എസ്, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഐ ആന്റ് പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ദീപ കെ. എന്നിവര്‍ പങ്കെടുക്കും.