ജീവിതത്തിന് തണലേകാന്‍ കീഴരിയൂരിലെ ബാബുവേട്ടന്‍ കുട നിര്‍മ്മിക്കുകയാണ്; അതിജീവനത്തിന് കരുത്തായി നിങ്ങളുടെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയില്‍
കീഴരിയൂര്‍: അരയ്ക്ക് കീഴ്പ്പോട്ട് ആകെ തളര്‍ന്ന സാഹചര്യത്തിലും വെറുതെയിരിക്കാന്‍ തയ്യാറല്ല ബാബുവേട്ടന്‍. തന്നാലാവുംവിധം ജീവിതച്ചെലവിനായി എന്തെങ്കിലും കണ്ടെത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി അദ്ദേഹം. ഏറ്റവുമൊടുവിലായി കുട നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ബാബു.
കീഴരിയൂര്‍ കാഞ്ഞിരോട്ട് ബാബു കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. പതിനെട്ടുവര്‍ഷം മുമ്പ് പണിയ്ക്കിടെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും പൊക്കിളിന് കീഴ്‌പ്പോട്ട് ചലനശേഷിയില്ലാതാവുകയും ചെയ്തു.
എന്നെന്നേക്കുമായി ശയ്യാവലംബിയായി അവസാനിക്കേണ്ട ജീവിതമല്ല തന്റേത് എന്ന് ഉറച്ചുതന്നെയായിരുന്നു ബാബുവേട്ടന്‍. ‘എന്തെങ്കിലും ചെയ്യണമെന്ന് മനസു പറഞ്ഞു, വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന സോപ്പുപൊടി നിര്‍മ്മാണം, ഹാന്റ് വാഷ് നിര്‍മ്മാണം, പേപ്പര്‍ പേന നിര്‍മ്മാണം ഒക്കെ ചെയ്തു. ഈയടുത്താണ് കുട നിര്‍മ്മിക്കാന്‍ പഠിക്കണമെന്ന ആഗ്രഹം വന്നത്. നേരത്തെ പറഞ്ഞ പല കാര്യങ്ങളും പഠിപ്പിക്കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹായമുണ്ടായിരുന്നു. കുട നിര്‍മ്മാണത്തിനുള്ള ക്ലാസുകള്‍ക്ക് പോകണമെന്ന് ആഗ്രഹമുണ്ടായെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പോകാനായില്ല. അങ്ങനെ യൂട്യൂബ് നോക്കിയാണ് കുട നിര്‍മ്മിക്കുന്നത് പഠിച്ചത്.’ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഏതാണ്ട് തന്റെ അവസ്ഥയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. ഏറെക്കാലമായി കുട നിര്‍മ്മാണ രംഗത്തുള്ള അദ്ദേഹത്തോട് ചോദിച്ചായിരുന്നു സംശയങ്ങള്‍ തീര്‍ത്തിരുന്നത്. ആദ്യഘട്ടത്തില്‍ പത്ത് കുട നിര്‍മ്മിക്കാനാവശ്യമായ മെറ്റീരിയലുകളാണ് വാങ്ങിച്ചത്. ആദ്യത്തേത് പൂര്‍ത്തിയാക്കിയപ്പോള്‍ ആത്മവിശ്വാസമായി. അങ്ങനെ ഏഴെണ്ണത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി. ഇതില്‍ അഞ്ചെണ്ണം വിറ്റുകഴിഞ്ഞു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അതോടെ ഈ രംഗത്ത് തുടരണം എന്ന ആഗ്രഹത്തിലാണ് ബാബു.
ഇതിനു മുമ്പ് പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ചു വിറ്റുകൊണ്ടാണ് ബാബു ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പേനകള്‍ വില്‍ക്കാനും പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹായമുണ്ടായി. കുട നിര്‍മ്മാണത്തിനും തന്നെ സ്‌നേഹിക്കുന്നവരുടെ പിന്തുണയുണ്ടാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.
ഭാര്യയും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം. മൂത്ത മകന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. നല്ലവരായ നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ചികിത്സയും മക്കളുടെ പഠനവും വീട്ടുകാര്യങ്ങളും മുന്നോട്ടുകൊണ്ടുപോയത്. ഇടയ്ക്ക് കോട്ടയത്ത് ചികിത്സ നടത്താന്‍ നാട്ടുകാരില്‍ നിന്നും പിരിവെടുത്തിരുന്നു. എന്നാല്‍ ആ ചികിത്സയോടെ ബുദ്ധിമുട്ടുകള്‍ കൂടുകയാണ് ചെയ്തതെന്നാണ് ബാബുവിന്റെ ഭാര്യ പ്രീത പറയുന്നത്.
മകന്‍ എയര്‍ഫോഴ്‌സില്‍ ജോലി ലഭിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. ഇളയ മകന്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. മൂത്ത മകന് കുടുംബമായതോടെ അവന്റെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് തന്നാലാവും വിധം സഹായിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ബാബുവിന്റെ പുതിയ ഉദ്യമത്തിനു പിന്നില്‍.