മത്സ്യത്തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് പദ്ധതി; 10 ലക്ഷം രൂപ വരെ ആനുകൂല്യം
കൊയിലാണ്ടി: മത്സ്യ തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പ്രത്യേക പദ്ധതി. മത്സ്യഫെഡ് നടപ്പാക്കുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലൂടെ ഇനി 10 ലക്ഷം രൂപയുടെ ആനുകൂല്യം വരെ ലഭിക്കാം. അപകടത്തിന്റെ ആഘാതമനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്. അപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് പ്രകാരം പരമാവധി അഞ്ചു ലക്ഷം രൂപയും ലഭിക്കും.
ആനുകൂല്യങ്ങൾ എന്തെല്ലാം:
അപകടം മൂലം പൂർണമായ അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ രണ്ടു കെ, രണ്ടു കാൽ, രണ്ട് കണ്ണ് ഇവ നഷ്ടപ്പെടുകയോ ഒരു കൈയും ഒരു കണ്ണും, ഒരു കാലും ഒരു കണ്ണും അല്ലെങ്കിൽ ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ടാലും നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതാണ്.
അപകടം മൂലം ഭാഗികമായ അംഗവൈകല്യം സംബന്ധിച്ച് ഡോക്ടർ ശുപാർശ ചെയ്യുന്ന അംഗവൈകല്യ ശതമാനം അനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി പരമാവധി 5 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും
അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യമാണെങ്കിൽ ആശുപത്രി ചെലവായി പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കും.
അപകടത്തിൽ മരണം സംഭവിച്ചെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടു പോകുന്നതിനായി ആംബുലൻസിനായുള്ള തുകയായി 2500 രൂപ വരെ നൽകും.
അപകടത്തിൽ മരണപ്പെട്ടാൽ മത്സ്യ തൊഴിലാളിയുടെ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്കും ധനസഹായം ലഭിക്കും. 25 വയസ്സിൽ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് ഒരാൾക്ക് 5000 രൂപ ക്രമത്തിൽ രണ്ട് കുട്ടികൾക്കു വരെ പരമാവധി 10000 രൂപ ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നൽകും.
ആർക്കാണ് അംഗങ്ങൾ അകാൻ സാധിക്കുക:
18 നും 70 നും ഇടയിൽ പ്രായമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങൾ (വനിതകൾ ഉൾപ്പെടെ), പ്രാഥമിക സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്ക് ഇതിൽ അംഗങ്ങൾ ആകാം.
കാലാവധി:
മാർച്ച് 29 വരെ പദ്ധതിയിൽ അംഗങ്ങളായി ചേരാവുന്നതാണ്. അംഗത്വമെടുക്കാൻ താൽപ്പര്യമുള്ളവർ 2022 മാർച്ച് 29ന് മുമ്പ് പ്രീമിയം തുകയായ 389 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അടയ്‌ക്കേണ്ടതാണ്. 2022 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയാണ് പോളിസിയുടെ കാലാവധി.
ബന്ധപ്പെടേണ്ട നമ്പർ: ജില്ലാ ഓഫീസ് 0495 2380344, 9526041099. ക്ലസ്റ്റർ 6:9526041125, 8086001907, 8086001909, 9526041062, 9526041330