ദേശീയപാത വികസനം: ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയതായി പരാതി


കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യ സ്മാരകം പൊളിച്ചുനീക്കി. ക്വിറ്റ് ഇന്ത്യ സമര സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1992ല്‍ ജനകീയ കമ്മിറ്റി ചേമഞ്ചേരിയി സബ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ സ്ഥാപിച്ച സ്മാരക സ്തൂപമാണ് മുന്നറിയിപ്പില്ലാതെ ദേശീയപാത അതോറിറ്റി പൊളിച്ചു നീക്കിയത്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്മാരകം കേടുപാടില്ലാതെ അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതരും പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. ഒപ്പം പുതുതായി നിര്‍മ്മിച്ച രജിസ്ട്രാര്‍ ഓഫീസിന് സമീപത്തായി സ്മാരകം പണിയാന്‍ അനുയോജ്യമായ സ്ഥലം എന്‍.എച്ച്.ഐ.എ അധികൃതര്‍ക്ക് കാണിച്ചുകൊടുക്കുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ സ്തൂപം പൊളിച്ചുമാറ്റിയത്.

സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ‘അധികൃതരുമായി സംസാരിച്ചെന്നും സ്തൂപം മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് എന്‍.എച്ച്.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കുമെന്നും’ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.