ദേശീയപാത വികസനം; പാലോളിപ്പാലത്ത് ഇനി യാത്ര പുതിയ പാതവഴി


വടകര: ദേശീയപാത വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന പുതുപ്പണം പാലോളിപ്പാലത്ത് പുതിയ പാത തുറന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പാലത്തിന്റെ നിര്‍മ്മാണം പാതി പൂര്‍ത്തിയായതോടെ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടു.

വാഹനങ്ങള്‍ പുതിയ റോഡുവഴി കടത്തിവിട്ടു തുടങ്ങിയതോടെ പഴയ ദേശീയപാത പൊളിച്ചുതുടങ്ങി. സര്‍ക്കാറിന്റെ ഭാരതമാല പദ്ധതിപ്രകാരമാണ് പാലോളിപ്പാലം മുതല്‍ മൂരാട് പാലംവരെ ആറുവരിപ്പാത നിര്‍മ്മിക്കുന്നത്.

രണ്ടര കിലോമീറ്റര്‍ ഭാഗത്തുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഭാഗത്ത് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ചീനംവീട് യു.പി സ്‌കൂള്‍ മുതല്‍ അരവിന്ദ്‌ഘോഷ് റോഡ് വരെയുള്ള ഭാഗമാണ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത് പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. മൂരാട് പാലം മുതല്‍ പാലോളിപ്പാലംവരെ ആറുവരിപ്പാത പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മ്മിക്കുന്നത്.