കൊയിലാണ്ടി പോലീസിന്റെ അവസരോചിതമായ ഇടപെടല്‍; മിസ്സിംങ് കേസില്‍ അമ്മയെയും മകനെയും മണിക്കൂറുകള്‍ കൊണ്ട് സുരക്ഷിതമായി കണ്ടെത്തി
കൊയിലാണ്ടി: അവസരോചിതമായ ഇടപടലില്‍ രണ്ട് ജീവനുകള്‍ രക്ഷിച്ച് കൊയിലാണ്ടി പോലീസ്. ബാലുശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ അമ്മയെയും മകനെയുമാണ് കൊയിലാണ്ടിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബാലുശ്ശേരിയില്‍ നിന്നും അമ്മയും മകനും ആത്മഹത്യ ചെയ്യാന്‍ കൊയിലാണ്ടിയില്‍ എത്തിയിട്ടുണ്ട് എന്നായിരുന്നു വിവരം. അമ്മയും മകനും മിസ്സിംഗ് എന്ന കേസില്‍ ബാലുശ്ശേരി പോലീസ് ലൊക്കേഷന്‍ നോക്കുമ്പോള്‍ കൊയിലാണ്ടി ആണെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ബാലുശ്ശേരി ജി.ഡി രാജീവന് കൊയിലാണ്ടി പോലീസ് ഡ്രൈവര്‍ ഒ. കെ സുരേഷിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ സുരേഷ് കൊയിലാണ്ടി സി.ഐ മെല്വിന് ജോസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ലൊക്കേഷന്‍ മനസ്സിലാക്കിയതില്‍ അമ്മയും മകനും കൊയിലാണ്ടി ഭാഗത്ത് ഉണ്ടോ എന്ന് മനസ്സിലാക്കുകയും കൊയിലാണ്ടി പോലീസ് 2 ടീമുകളായി അന്വേഷണം ആരംഭിച്ചു. എസ്.ഐ ജിതേഷ് എ.കെ ഒ.കെ സുരേഷ് സി.പി.ഓ പ്രവീണ്‍, എ.എസ്.ഐ ബിന്ദു, മറ്റൊരു ടീമായ എസ്.ഐ വിനോദ്, ഷമീന സി.പി. രഞ്ജിത്ത് ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും നടത്തിയ റെയ്ഡില്‍ അമ്മയെയും കുട്ടിയെയും കൊയിലാണ്ടി സ്റ്റേഡിയത്തിന്റെ പിന്നില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷനനില്‍ എത്തിച്ച ശേഷം ബന്ധുക്കളെ അറിയിച്ച് സുരക്ഷിതമായി വീട്ടിലേക്ക് തിരികെ അയച്ചു.
ബാലുശ്ശേരി ജി.ഡി രാജീവന്റെയും കൊയിലാണ്ടി പോലീസിന്റെയും മികവിലാണ് രണ്ടു പേരേയും രക്ഷിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒന്‍പത് ജീവനുകളാണ് കൊയിലാണ്ടി പോലീസിന്റെ കൃത്യമായ ഇടപെടലില്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.