നാട്ടുകാരും ഭക്തജനങ്ങളും ഒരുമിച്ചുനിന്നു; കുറുവങ്ങാട് പുതിയകാവ് ക്ഷേത്രക്കുളത്തിന് പുതുജീവന്‍, നവീകരണം അന്തിമ ഘട്ടത്തിലേക്ക്
കൊയിലാണ്ടി: നാട്ടുകാരും ഭക്തജനങ്ങളും ഒരു ജലസ്ത്രോതസ്സ് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരുമിച്ചുനിന്നപ്പോള്‍ കുറുവങ്ങാട് പുതിയ കാവില്‍ ക്ഷേത്രത്തിലെ കുളത്തിന് ലഭിച്ചത് പുതുജീവന്‍. മണ്ണിടിഞ്ഞും,ചെളിയും പായലും നിറഞ്ഞും നാശോന്മുഖമായി കിടന്ന കുളത്തിന്റെ നവീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
അര ഏക്ക വിസ്തൃതിയുളള കുളമാണിത്. 50 ലക്ഷം രൂപയാണ് കുളം നവീകരണത്തിന് മൊത്തം ചെലവ് കണക്കാക്കുന്നത്. മൂന്ന് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തി നടത്തിയത്. സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ഒരു സഹായവും ലഭിക്കാതെ പൂര്‍ണ്ണമായും ജനങ്ങള്‍ നല്കിയ സംഭാവന ഉപയോഗിച്ചാണ് കുളം നവീകരിച്ചത്.
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിന്നെത്തിച്ച 50,000 ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് കുളം കെട്ടി. നാല് ഭാഗവും ആകര്‍ഷകമായ രൂപത്തില്‍ പടവുകളും ഒരുക്കി. കുളത്തിന് ചുറ്റും ചെറിയ ചുറ്റുമതില്‍, നടപ്പാത എന്നിവ ഉണ്ടാവും. ദീപാലങ്കാരവും ഏര്‍പ്പെടുത്തും.
കുറുവങ്ങാട് ഭാഗത്തെ പ്രധാന ജലസ്രോതസ്സാണ് ഈ ക്ഷേത്രക്കുളം. ഏതുവേനലിലും ഈ കുളത്തില്‍ ഒരാള്‍ പൊക്കത്തിലെങ്കിലും വെള്ളം കാണും.
കേളോത്ത് ചന്ദ്രന് ചെയര്‍മാനും, എന്‍.കെ.മനോജ് കണ്‍വീനറും, സുമേഷ് പുതിയ കാവില്‍, സവീഷ് സവേര എന്നിവര്‍ ഖജാന്ജിമാരുമായ 51 അംഗ ജനകീയ കമ്മിറ്റിയാണ് കുളം നവീകരണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കൂടാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സി.പി.ബിജു (പ്രസി), പി.ടി.ബാലകൃഷ്ണന് (സെക്ര) എന്നിവരും നേതൃത്വം വഹിക്കുന്നു.
എന്‍.കെ.ഉണ്ണികൃഷണനാണ് പ്രവൃത്തി ഏറ്റെടുത്തത്. ചെറുവളളി നാരായണന് നമ്പൂതിരിയാണ് കുള നവീകരണത്തിന് കുറ്റി അടിച്ചത്. രൂപ രേഖ തയ്യാറാക്കിയത് സോണിറ്റ് കാവുംവട്ടവും. നരിക്കുനി എടമന ഇല്ലം മോഹനന് നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ ഊരാളന്‍. തളിപ്പറമ്പ് കുബേരന് നമ്പൂതിരി ക്ഷേത്ര തന്ത്രിയും ജയശങ്കര്‍ ഭട്ട് മേല്ശാന്തിയുമാണ്.
മെയ് 10,11 തിയ്യതികളിലാണ് ഉല്‍സവം. ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും നടത്താറുണ്ട്. ഈ വര്ഷവസാനത്തോളം കുളം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.