അന്വേഷണം തൃപ്തികരമല്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ്; അഴിയൂരില്‍ ലഹരി മാഫിയയുടെ ഇരയായ വിദ്യാര്‍ഥിനിയെ നേരിട്ട് കേള്‍ക്കാനൊരുങ്ങി ഹൈക്കോടതി, 16ന് ഹാജരാവാന്‍ നിര്‍ദ്ദേശം


അഴിയൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിമാഫിയ ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ഈ മാസം 16ന് വിദ്യാര്‍ഥിനിയോട് നേരിട്ട് ചേംബറില്‍ ഹാജരാവാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ജോസഫ് ഉത്തരവിട്ടത്.

കേസില്‍ പലതവണയായി സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാതെ വീണ്ടും സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഹൈക്കോടതി ലഹരി മാഫിയയുടെ ഇരയായ വിദ്യാര്‍ഥിനിയെ നേരിട്ട് കേള്‍ക്കാന്‍ തീരുമാനിച്ചത്.

കൃത്യമായ സാഹചര്യ തെളിവുകള്‍ ഉണ്ടായിട്ടും ലഹരി മാഫിയയുടെ വിവരങ്ങള്‍ ലഭ്യമായിട്ടും പോലീസ് അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ലെന്നാണ് ആക്ഷേപം. ലഹരിക്കടത്തിന് പോലും വിദ്യാര്‍ഥിനിയെ ഉപയോഗിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ചോമ്പാല പോലീസ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് വടകര ഡിവൈഎസ്പി അന്വേഷിച്ചപ്പോഴും പ്രതികളിലേക്കെത്താന്‍ പോലീസിന് സാധിച്ചില്ല.

അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞയാഴ്ച പോലീസ് വിദ്യാര്‍ഥിനിയുടെ മാതാവിന് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ മാതാവ് അഡ്വ. രാജസിംഹന്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.