കൊയിലാണ്ടിക്ക് കൈനിറയെ സമ്മാനിച്ച് ജനകീയ ബഡ്ജറ്റ്; നാല് പദ്ധതികള്‍ക്കായ് 10 കോടി രൂപ അനുവദിച്ചു
കൊയിലാണ്ടി: 2023-24 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലേക്കായി 4 പദ്ധതികള്‍ക്ക് 10 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – കൊയിലാണ്ടി ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിന് 1 കോടി 40 ലക്ഷവും, അരയങ്കാവ് – കൂത്തംവള്ളി റോഡിന് 1 കോടി 10 ലക്ഷവും, കോട്ടക്കല്‍ കോട്ടത്തുരുത്തി സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 1 കോടി 50 ലക്ഷവും, കാപ്പാട് കടല്‍ഭിത്തി നിര്‍മ്മാണത്തിന് ആദ്യ ഘട്ടമായി 6 കോടി രൂപയും അനുവദിച്ചു.
ഇത് കൂടാതെ താഴെ പറയുന്ന 16 പദ്ധതികള്‍ക്ക് ബജറ്റില്‍ പരാമര്‍ശമുണ്ടായി. കാപ്പാട് ഗള്‍ഫ് റോഡ് 2.5 കോടി, മൂടാടി വില്ലേജ് ഓഫീസിന് 50 ലക്ഷം, കൊളാവിപ്പാലം പുലിമുട്ട് 40 കോടി, തിക്കോടി മത്സ്യതൊഴിലാളികള്‍ക്കുള്ള ഓഡിറ്റോറിയം 2 കോടി, കോരപ്പുഴ-കാപ്പാട് – പാറപ്പള്ളി – ഉരുപുണ്യകാവ് – തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച് – മിനി ഗോവ – സാന്‍ഡ്ബാങ്ക്‌സ് ടൂറിസം കോറിഡോര്‍ 10 കോടി , യു.എ ഖാദര്‍ സ്മാരകം തിക്കോടി 50 ലക്ഷം, അകലാപ്പുഴ – നെല്യാടി പുഴയോര ടൂറിസം പദ്ധതി 5 കോടി, കൊയിലാണ്ടി നഗരസഭ വലിയമലയില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം 10 കോടി, പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വ്വകലാശാലയുടെ ഭാഗമായി ഉന്നതവിദ്യാഭ്യസ മേഖലയില്‍ മികവിന്റെ കേന്ദ്രം 10 കോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം 3 കോടി, കാപ്പാട് ടൂറിസം കേന്ദ്രം വികസനം 5 കോടി, കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ പുതിയ കെട്ടിടം 3 കോടി, കാപ്പാട് – തുഷാരഗിരി റോഡ് നവീകരണം 10 കോടി, ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫൂട്ട്ബാള്‍ ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ 1 കോടി , ചെങ്ങോട്ടുകാവ് – ഉള്ളൂര്‍കടവ് റോഡ് വൈഡ്‌നിംഗ് 6.50 കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ 5 കോടി , വന്മുഖം – കീഴൂര്‍ റോഡ് 10 കോടി എന്നീ പദ്ധതികളാണ് ബജറ്റില്‍ പരിഗണിച്ചത്.
ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കുമെന്നും 28 കോടി ചിലവഴിച്ച് കൊയിലാണ്ടി ഫിഷറീസ് ഹാര്‍ബറിന്റെ പ്രവര്‍ത്തിയും 1 കോടി ചിലവില്‍ ആവിക്കല്‍ കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തിയും നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.