അണേല റോഡില്‍ മിനി അണ്ടര്‍പാസ് നിര്‍മ്മിക്കാതെ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി തുടരാന്‍ സമ്മതിക്കില്ല; അണേല റോഡില്‍ വഗാഡിന്റെ ലോറികള്‍ തടഞ്ഞ് നാട്ടുകാര്‍


കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്ന് പോവുന്ന അണേല റോഡില്‍ വഗാഡിന്റെ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. മിനി അണ്ടര്‍പാസിന് നിവേദനം നല്‍കിയിട്ടും യാതൊരു മുന്നറയിപ്പ് നല്‍കാതെ അണേല റോഡ് മണ്ണിട്ട് മൂടാന്‍ വഗാഡ് കമ്പനി ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അണേല റോഡില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യയുടെ നേതൃത്വത്തില്‍ എന്‍.എച്ച്.ഐ ഓഫീസില്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ മുത്താമ്പിയില്‍ വലിയ അണ്ടര്‍പാസ് ഉള്ളതിനാലും കോമത്ത്കരയില്‍ വെഹിക്കിള്‍ ഓവര്‍പാസ് ഉള്ളതിനാലും രണ്ട് കിലോമീറ്ററിനുള്ളില്‍ വീണ്ടും അണ്ടര്‍പാസ് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് നിവേദനം അധികൃതര്‍ തള്ളിയിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ക്ക് നടന്നുപോവാനും അത്യാവാശ്യം ഇരുചക്രവവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കടന്ന് പോവാന്‍ പറ്റുന്ന സൗകര്യത്തില്‍ ഒരു മിനി അണ്ടര്‍പാസ് നിര്‍മ്മിക്കണമന്നാവശ്യപ്പെട്ട് എം.പി കെ. മുരളീധരന് വീണ്ടും നിവേദനം നല്‍കി.

നിവേദനം പരിശോധിച്ച എം.പി ഒക്ടോബര്‍ മാസം നിവേദനം എന്‍.എച്ച്.ഐയുടെ കോഴിക്കോട് ഓഫീസിലേക്കും പട്ടത്തുള്ള പ്രൊജക്ട് ഡയറക്ടര്‍ ഓഫീസിലേക്കും അയച്ചിരുന്നു. എന്നാല്‍ നാളിതുവരെ പരാതി പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന്‌ വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അണേല റോഡ് മണ്ണിട്ടു മൂടാന്‍ ശ്രമിച്ചത് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്‌. പ്രതിഷേധത്തിനിടെ എം.പിയെ വാര്‍ഡ് കൗണ്‍സിലര്‍ നേരിട്ട് വിളിക്കുകയും ഇപ്പോള്‍ മണ്ണിട്ട് മൂടാനുള്ള വഗാഡിന്റെ ശ്രമം തടയാനും ബാക്കി കാര്യങ്ങള്‍ നേരിട്ടെത്തി ചര്‍ച്ച ചെയ്യാമെന്നും എം.പി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

മിനി അണ്ടര്‍പാസിന്റെ കാര്യത്തില്‍ തീരുമാനമാകാതെ റോഡ് നിര്‍മ്മാണ പ്രവൃത്തി തുടരാന്‍ സമ്മതിക്കില്ലെന്നും ഇനിയും ഇത്തരത്തില്‍ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ അണേല റോഡിലെ നിര്‍മ്മാണ പ്രവൃത്തി കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്‌. പി.വി വേണുഗോപാല്‍, അരുണ്‍ മണമല്‍, ശ്രീജ റാണി, ഡോ.വേലായുധന്‍, ആശീര്‍വാദ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാമകൃഷ്ണന്‍, രവീന്ദ്രന്‍ മണമല്‍, രാമന്‍ ചെറുവക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.