ഹെയര്‍ഡൈകള്‍ ഉപയോഗിച്ച് മടുത്തോ?; എങ്കില്‍ ഇതാ മുടി കറുപ്പിക്കാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന കറിവേപ്പില ഹെയര്‍ഡൈ, എങ്ങനെയാണെന്ന് നോക്കാം
പ്രായഭേദമന്യേ ഇപ്പോള്‍ എല്ലാവരുടെയും മുടി നരക്കയ്ക്കാറുണ്ടല്ലെ.. സാധാരണയായി നമ്മള് കടകളില്‍ നിന്നും വാങ്ങുന്ന ഹെയര്‍ഡൈകള്‍ എത്രത്തോളം മുടിയ്ക്കും മുടിയും ആരോഗ്യത്തിനും നല്ലതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. പല കെമിക്കല്‍സ് കൊണ്ട് ഉണ്ടാക്കുന്ന ഹെയര്‍ഡൈകള്‍ പിന്നീട് നമ്മുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിച്ചേക്കാം.
എന്നാല്‍ കറിവേപ്പില കൊണ്ട് ആയുര്‍വേദ രീതിയിലും ഹെയര്‍ഡൈകള്‍ ഉണ്ടാക്കാം. മുടിയ്ക്ക് പല രീതിയിലും മരുന്നായി കറിവേപ്പില ഉപയോഗിയ്ക്കാം. ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയ കറിവേപ്പില കൊണ്ട് നരച്ച മുടി കറുപ്പിയ്ക്കാനും നര വരാതിരിയ്ക്കാനും സഹായിക്കുന്ന പ്രത്യേക ഹെയര്‍ ഡൈ കൊണ്ട് നമുക്ക് തയ്യാറാക്കാന്‍ സാധിയ്ക്കും.
ഇതില്‍ ആകെ രണ്ട് ചേരുവകള്‍ മാത്രമാണ് വേണ്ടത്. കറിവേപ്പിലയും മാതളനാരങ്ങ അഥവാ പോംഗ്രനേറ്റിന്റെ തൊലിയുമാണ് ഇതിനായി വേണ്ടത്.
നല്ല ശുദ്ധമായ കറിവേപ്പില എടുക്കണം. ഇത് കഴുകി വൃത്തിയാക്കി വെയില് അല്ലാതെ നിഴലില്‍ വച്ചുണക്കുക. ഇതല്ലെങ്കില്‍ ഇരുമ്പ് ചീനച്ചട്ടിയില്‍ വെള്ളം കളഞ്ഞ കറിവേപ്പില നല്ലതുപോലെ ചൂടാക്കിയെടുക്കണം. ഇത് പൊടിഞ്ഞു വരുന്ന പരുവത്തിലായിക്കിട്ടും. കൈ കൊണ്ട് പൊടിച്ചാല്‍ പൊടിയുന്ന പരുവത്തിലെടുക്കണം.
അടുത്തതായി ഉപയോഗിയ്ക്കുന്നത് അനാര്‍ അഥവാ മാതളനാരങ്ങയാണ്. ഇതിന്റെ തോലില്‍ ചെറിയ കറയുണ്ട്. ഈ കറയാണ് മുടി കറുപ്പിയ്ക്കാന്‍ സഹായിക്കുന്നത്. ഇതിന്റെ തോടും ഉണക്കിയെടുക്കണം. നല്ലതുപോലെ ഉണക്കണം. ഇത് നല്ലതുപോലെ തരിയില്ലാതെ പൊടിച്ചെടുക്കാന്‍ സാധിയ്ക്കണം. ഇതുപോലെ കറിവേപ്പിലയും പൊടിയും എടുക്കണം. തോല് ഉണക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് വെളളത്തിലിട്ട് ഒരു ദിവസം വയ്ക്കണം. ഇത് പിന്നീട് തിളപ്പിയ്ക്കുക. അപ്പോള്‍ ഒരു നീല നിറത്തില്‍ ഈ വെള്ളം ലഭിയ്ക്കും. ഈ വെള്ളത്തില്‍ കറിവേപ്പിലയുടെ ഉണക്കിയ പൊടി ചേര്‍ക്കണം.
ഹെയര്‍ഡൈ ഉണ്ടാക്കുന്ന രീതി
ഇതിനൊല്ലം നെല്ലിക്കാപ്പൊടി, ഹെന്ന അഥവാ മയിലാഞ്ചിപ്പൊടി എന്നിവയും ചേര്‍ക്കാം. തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേര്‍ക്കാം. എല്ലാ പൊടികളും തുല്യ അളവില്‍ എടുക്കാം. ഇതെല്ലാം ചേര്‍ത്തിളക്കാം. എല്ലാം പൊടികളാണെങ്കില് ഇവയെല്ലാം ചേര്‍ത്ത് ഇരുമ്പ് ചീനച്ചട്ടിയില്‍ ചൂടാക്കിയ ശേഷം എടുത്താല്‍ കൂടുതല്‍ ഇരുണ്ട നിറമുള്ള ഡൈ ലഭിയ്ക്കും.
ഇതെല്ലാം ചേര്‍ത്ത് നല്ല പേസ്റ്റാക്കി നരച്ച മുടിയില്‍ തേയ്ക്കാം. ഇത് മുടി വളരാനും മുടി കറുക്കാനും അകാലനര തടയാനും നല്ലതാണ്. ഇത് മുടിയില്‍ പുരട്ടി 2 മണിക്കൂര്‍ വയ്ക്കാം. പിന്നീട് താളി ഉപയോഗിച്ച് കഴുകാം. ഇതല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ഇത് ചെയ്യാം.