വാട്‌സാപ് കോള്‍ വഴി വ്യാപക തട്ടിപ്പ്; സ്‌ക്രീന്‍ഷെയറിങ് ദുരുപയോഗത്തേക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രം
ഡല്‍ഹി: വാട്സാപ് തട്ടിപ്പുകള്‍ രാജ്യത്ത് കൂടുകയാണെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വാട്‌സാപ്പിലെ സ്‌ക്രീന്‍ ഷെയറിങ് സൗകര്യമാണ് തട്ടിപ്പുകാര്‍ വ്യാപകമായി ദുരുപയോഗിക്കുന്നത്. ബാങ്ക്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ വിളിച്ച് ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഫോണിലെ സ്‌ക്രീന്‍ തങ്ങളുമായി പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കും.
ഇതിനു പിന്നാലെ തട്ടിപ്പിനുള്ള ആപ്പുകള്‍ ഉപയോക്താവിന്റെ ഫോണിലേക്ക് കയറ്റും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡുകള്‍ തുടങ്ങിയവ കൈക്കലാക്കും.
ജോലി, സാമ്പത്തിക നേട്ടം എന്നിവ വാഗ്ദാനം ചെ വാട്സാപ്പിലൂടെയെത്തുന്ന സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ തട്ടിപ്പാകാമെന്നും അവയ്ക്കു മറുപടി നല്‍കരുതെന്നും ‘ദ് ബ്യൂറേ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ്’ (ബിപിആര്‍ഡി) നിര്‍ദേശിച്ചു.
ഉപയോക്താക്കളുടെ വ്യക്തിവിവര ചോര്‍ച്ച വാട്സാപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി വ്യക്തമാക്കി. വിയറ്റ്‌നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ടെലിഫോണ്‍ കോഡുള്ള നമ്പരുകളില്‍ നിന്നാണ് ഭൂരിഭാഗം തട്ടിപ്പ് കോളുകളും വരുന്നതെന്ന് വ്യക്തമാക്കി.