അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ഒരു നാട്; ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹോദരിമാരുടെ മക്കളായ ഇരുവരെയും ഒരുമിച്ച് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സഹോദരി ഇന്ദിരയുടെ വീട്ടില്‍ സംസ്‌ക്കരിച്ചു.

പയ്യോളി അയനിക്കാട് താഴെ കുനിയില്‍ മോളിയുടെ മകന്‍ അയുര്‍ എം.രാജ്, സഹോദരി ഇന്ദിരയുടെ മകന്‍ അഷിന്‍ ഐ രമേഷ് എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആയുര്‍ എം രാജ് പഠിക്കുന്ന കുറ്റിപ്പുറം എംഇഎഎസ് ക്യാമ്പസ് സ്‌ക്കൂളിലും അച്ഛന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷമാണ് പയ്യോളിയിലേക്ക് കൊണ്ടുവന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്നതായിരുന്നു ഇന്ദിര. മോളിയും ഇന്ദിരയും ക്ഷേത്രത്തിലേക്ക് പോയ സമയത്താണ് കുട്ടികള്‍ പ്രദേശത്തെ മറ്റു കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനിറങ്ങിയത്. ഇതിനിടെ പന്ത്‌ പുഴയിലേക്ക് വീണപ്പോള്‍ അതെടുക്കാനായി ഇറങ്ങിയ കുട്ടികള്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നു. മറ്റു കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാനായി എത്തിയ ആളുകളാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ഉവരെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.