‘കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക’; വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് കർഷക തൊഴിലാളി ഫെഡറേഷന്റെ മാര്‍ച്ച്‌


മേപ്പയ്യൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി ബി.കെ.എം.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സികുട്ടിവ് അംഗം ആർ.ശശി ഉദ്ഘാടനം ചെയ്തു.

കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ ഉപാധിരഹിതമായി നൽകുക, പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനവും 600 രൂപ കൂലിയും ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബി.കെ.എം.യു സംസ്ഥാന വ്യാപകമായി സമരം നടത്തിയത്‌.

സി.കെ ലൈജു അധ്യക്ഷത വഹിച്ചു. ബാബു കൊളക്കണ്ടി, എം.കെ രാമചന്ദ്രൻ മാസ്റ്റർ, സി.കെ ശ്രീധരൻ മാസ്റ്റർ, കെ.എം സുരേഷ്, സി.എം.കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് വി.വേലായുധൻ, ഗൗരി എ.എം, പ്രിയ എം കെ, കെ.സി കഞ്ഞിരാമൻ, രമേശ് ബാബു കെ, ഓമന, ഷീബ വി എം, പ്രമീള തുടങ്ങിയവർ നേത്യത്വം നൽകി.