കാന്തപുരം ഉസ്താദിനൊപ്പം മര്‍കസിന്റെ വളര്‍ച്ചയ്ക്കായി വിശ്രമമില്ലാതെ സേവനമനുഷ്ഠിച്ച വ്യക്തിത്വം, സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരവുമായി കൊയിലാണ്ടി, മഹാസമ്മേളനത്തില്‍ പങ്കെടുക്കുക നിയമസഭാ സ്പീക്കറടക്കം പ്രമുഖര്‍
കൊയിലാണ്ടി: ആറ് പതിറ്റാണ്ടിലേറെയായി കര്‍മ മണ്ഡലത്തില്‍ വിശ്രമമില്ലാതെ ശോഭിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് പ്രൗഢഗംഭീരമായ ആദരവുമായി ജന്മനാടായ കൊയിലാണ്ടി. ഇന്ന് വൈകുന്നേരം കൊയിലാണ്ടി സ്‌പോര്‍ട് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുന്ന ആദരവ് മഹാസമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കും.
കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ്. അറിവിലും ആത്മീതയതിലും പകരംവെക്കാനില്ലാത്ത സയ്യിദ് കുടുംബത്തിലെ കാരണവര്‍ക്ക് ആദരവ് നല്‍കാനായി കൊയിലാണ്ടി ഒരുങ്ങിക്കഴിഞ്ഞു.
സയ്യിദ് അഹ്‌മദ് ബാഫഖി-സയ്യിദത്ത് നഫീസ ബീവി ദമ്പതികളുടെ മകനായി 1938ല്‍ ജനിച്ച തങ്ങള്‍ മദ്രസാ പഠനത്തിന് ശേഷം തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്ലാമില്‍ ദര്‍സ് പഠനം ആരംഭിച്ചു. ശേഷം കൊയിലാണ്ടി, പാണ്ടികശാല, പരപ്പനങ്ങാടി പനയത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം. 1967ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി.
കോട്ടുമല അബൂബക്കര്‍ മുസ്ലിലിയാര്‍, കൊയിലാണ്ടി ഖാസി കുഞ്ഞമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കൊയിലാണ്ടി ഖാസി കുഞ്ഞമദ് മുസ്ലിയാര്‍, ഹാഫിള് മുഹമ്മദ് മുസ്ലിയാര്‍ ബേപ്പൂര്‍ എന്നിവരായിരുന്നു പ്രധാനപ്പെട്ട ഉസ്താദുമാര്‍.
കേരളത്തില്‍ മദ്‌റസകള്‍ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് അലി ബാഫഖി തങ്ങള്‍. കാന്തപുരം ഉസ്താദിനൊപ്പം പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ തങ്ങള്‍ മര്‍കസിന്റെ വളര്‍ച്ചയുടെ അണിയറയിലെ പ്രധാനകണ്ണിയാണ്. എത്രയൊക്കെ തിരക്കിനിടയിലായാലും സാധാരണക്കാരന്‌റെ സന്തോഷത്തിലും ദുംഖത്തിലും അദ്ദേഹം ഒരുപോലെ ഇടപെടുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരും കൊയിലാണ്ടിയിലെ പൗരസമൂഹവും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി ഖാദര്‍ മുഖ്യാതിഥിയാവും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാ ര്‍ ആദരവിന് നേതൃത്വം നല്‍കി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിയായിരിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍അസ്സഖാഫി,സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, കൊയിലാണ്ടി ഖാളി ടി.കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.