മൂടാടിയിലെ കായികപ്രേമികളുടെ കാത്തിരിപ്പിന് ഒടുവില്‍ അവസാനമാവുന്നു; ‘ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം’ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കടലൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ കളിസ്ഥലം ഒരുങ്ങുന്നു
മൂടാടി: ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മൂടാടിയില്‍ കളിസ്ഥലം ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി കടലൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ അന്തിമഘട്ട പരിശോധന കേരള സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് അധികാരികള്‍ പൂര്‍ത്തിയാക്കി.
രണ്ടു വര്‍ഷം മുമ്പാണ് കാനത്തില്‍ ജമീല എംഎല്‍എ കളിസ്ഥലം നിര്‍മ്മിക്കുവാനുള്ള ഉത്തരവിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടലൂര്‍ ഗവ ഹൈസ്‌ക്കൂളില്‍ കളിസ്ഥലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തില്‍ രാത്രികാലങ്ങളിലും പ്രാക്ടീസിങ്ങും മറ്റും ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒപ്പം ചെറിയ രീതിയിലുള്ള സന്ദര്‍ശക ഗ്യാലറിയും ഒരുക്കും.
കേരള സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും 1കോടി രൂപ ചിലവഴിച്ചാണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്. പരിശോധന പൂര്‍ത്തിയാക്കിയ സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഡിപിആറിന് ഭരണാനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതായിരിക്കും. ഏതാണ്ട് ആറ് മാസം കൊണ്ട് കളിസ്ഥലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ മൂടാടിയിലെ കായികപ്രേമികള്‍ക്കും കായികതാരങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതായിരിക്കും ഈ കളിസ്ഥലം.
കേരള സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് അധികാരികള്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ, പതിനാറാം വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, പി.ടി.എ പ്രസിഡൻ്റ് നൗഫൽ നന്തി, ഷഹിർ, പ്രദിപൻ മാസ്റ്റർ, ഷാജു പി.എ എം.എൽ.എ എന്നിവർ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.