കളഞ്ഞുകിട്ടിയ ബാഗില്‍ ഒരുലക്ഷം രൂപ, കവറില്‍ 15000! കമ്പനിയിലെ കളക്ഷന്‍ തുക നഷ്ടപ്പെട്ട യുവാവിനും പെന്‍ഷന്‍ തുക കൈവിട്ടുപോയ വയോധികനും ഈ ജന്മം മറക്കില്ല ഈ കോഴിക്കോട്ടുകാരെ


കോഴിക്കോട്: റോഡില്‍ കിടന്ന ബാഗില്‍ നിന്നും ഒരുലക്ഷം രൂപ കിട്ടിയാല്‍ എന്തു ചെയ്യും? ആരും കണ്ടില്ലെങ്കില്‍ അതെടുത്ത് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷേ കോഴിക്കോട് ചില മനുഷ്യരുടെ, ഓരോ രൂപയുണ്ടാക്കാനും അതുണ്ടാക്കിയവര്‍ പെട്ട കഷ്ടപ്പാടിന്റെ വില തിരിച്ചറിയുന്നവര്‍.

തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്‌മാനും മൂഴിക്കലിലെ ബസ് കണ്ടക്ടറായ കൃപേഷും അങ്ങനെയുള്ള മനുഷ്യരുടെ കൂട്ടത്തില്‍പ്പെട്ടതാണ്. സത്യനും അബ്ദുറഹ്‌മാനും റോഡില്‍ നിന്നും ഒരു ബാഗ് കളഞ്ഞുകിട്ടുകയായിരുന്നു. കൃപേഷിനാകട്ടെ ബസില്‍ മറന്നുവെച്ച കവറില്‍ പതിനഞ്ചായിരം രൂപയും പെന്‍ഷന്‍ രേഖകളുമാണ് കിട്ടിയത്.

മൊബൈല്‍ കമ്പനിയുടെ കളക്ഷന്‍ ഏജന്റായ റാഫിയുടെ ബാഗ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെടുകയായിരുന്നു. തലയാട് നിന്ന് കല്ലാനോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് പണമടങ്ങിയ ബാഗ് നഷ്ടമായത്. കമ്പനിയുടെ പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലായിരുന്നു റാഫി. എന്നാല്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ എസ്.ഐ പി.റഫീഖിന്റെ സാന്നിധ്യത്തില്‍ സത്യനില്‍ നിന്നും അബ്ദുറഹ്‌മാനില്‍ നിന്നും പണം അടങ്ങിയ ബാഗ് ഏറ്റുവാങ്ങിയപ്പോള്‍ റാഫിയുടെ കണ്ണ് സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു.

രാവിലെ ഓട്ടത്തിനിടെ ബസില്‍ പതിനഞ്ചായിരം രൂപയും പെന്‍ഷന്‍ രേഖകളും കണ്ടതോടെ കൃപേഷ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും തുകയും രേഖകളും കോഴിക്കോട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. വൈകിട്ടോടെ വിവരം അറിഞ്ഞെത്തിയ വയോധികന്‍ ട്രാഫിക് എസ്.ഐ സജിതയുടെ സാന്നിധ്യത്തില്‍ ഇവ ഏറ്റുവാങ്ങുകയായിരുന്നു.