രാവിലെ ദിവസം കഴിക്കുന്നത് ഈ ആഹാരസാധനങ്ങളിലേതെങ്കിലുമാണോ? എങ്കില്‍ ഇനി ശീലംമാറ്റിക്കോളൂ
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ദിവസം മുഴുവനുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജം ലഭിക്കുന്നതിനും പ്രഭാതഭക്ഷണം അത്യാവശ്യമാണ്. അതിനര്‍ത്ഥം പ്രാതലായി എന്തും വാരി വലിച്ച് കഴിക്കാമെന്നല്ല. മോശം ആഹാരശീലങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പ്രഭാത ഭക്ഷണത്തിനൊപ്പം ചായയോ കാപ്പിയോ കുടിക്കുന്ന പതിവുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷവും. രാവിലെ തന്നെ കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോള്‍ വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും മറ്റ് അത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് പെട്ടെന്ന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. എന്നാല്‍ അവ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഫ്ലേവര്‍ഡ് തൈരാണ് മറ്റൊരു ഭക്ഷണം. ഫ്ലേവര്‍ഡ് തൈരില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
ബ്രേക്ക് ഫാസ്റ്റില്‍ വൈറ്റ് ബ്രെഡ് ഉള്‍പ്പെടുത്തരുത്. വൈറ്റ് ബ്രെഡ് രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്തും. പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കും.
ആളുകള്‍ ഈ പ്രീ മെയ്ഡ് സ്മൂത്തി ബൗളുകള്‍ ധാരാളമായി വാങ്ങാറുണ്ട്. നാരുകള്‍ അടങ്ങിയിട്ടില്ലാത്ത പഴച്ചാറുകളില്‍ നിന്നാണ് ഇവ ഉണ്ടാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തില്‍ നാരുകള്‍ ഇല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം.
ചിലര്‍ ബ്രേക്ക്ഫാസ്റ്റില്‍ ജ്യൂസുകള്‍ ചേര്‍ക്കാറുണ്ട്. രാവിലെ തന്നെ ജ്യൂസുകള്‍ കഴിക്കുന്നത് മലബന്ധം, അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.