‘ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ, എതാണ് എന്റെ ഒറിജിനല്‍ മുഖം’ സംശയം തീര്‍ക്കാന്‍ ആറന്മുള കണ്ണാടിയുടെ വിശേഷം പറയാനും സര്‍ഗാലയ കരകൗശല മേളയില്‍ ഇത്തവണയുണ്ട് ആറന്മുളയില്‍ നിന്നും സെല്‍വരാജന്‍ ആചാരിയും കൂട്ടരും


ജിന്‍സി ബാലകൃഷ്ണന്‍

ഇരിങ്ങല്‍: ”ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ ഏതാണ് എന്റെ ഒറിജിനല്‍ മുഖം’ ഇരിങ്ങല്‍ സര്‍ഗാലയ കരകൗശല മേളയിലെ ആറന്മുള്ള കണ്ണാടിയുടെ സ്റ്റാളിലെത്തി കണ്ണാടി നോക്കിക്കൊണ്ട് ഒരു പൊലീസുകാരന്റെ സംശയമാണ്. ആറന്മുള കണ്ണാടിയെ പരിചയപ്പെടുത്തുന്ന സെല്‍വരാജ് ആചാരിയ്ക്ക് ഈ ചോദ്യം അത്ര പുതുമയുള്ളതല്ല. അദ്ദേഹം സാധാരണയുള്ള ഒരു കണ്ണാടിയും ആറന്മുള കണ്ണാടിയും മുമ്പിലെടുത്ത് അതില്‍ ഒരു പേപ്പര്‍ ചേര്‍ത്തുവെച്ച് കാട്ടിക്കൊടുത്തു, സാധാരണ കണ്ണാടിയില്‍ പ്രതിബിംബത്തിന് ഗ്യാപ്പ് വരുന്നത് കണ്ടില്ലേ, ആറന്മുള കണ്ണാടിയില്‍ ഈ ഗ്യാപ്പില്ലല്ലോ. നമ്മുടെ ഒറിജിനല്‍ പ്രതിംബിംബം അതായത് വിഭ്രംശണമില്ലാത്ത യഥാര്‍ത്ഥ രൂപം തരും ഈ കണ്ണാടി.

കേരളത്തിന്റെ കരകൗശല പെരുമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതില്‍ ആറന്മുള കണ്ണാടിയ്ക്കുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല. ആറന്മുള കണ്ണാടി നിര്‍മ്മാതാക്കളില്‍ നാലാം തലമുറയിലെ സെല്‍വരാജ് ആചാരിയും സംഘവുമാണ് ഇത്തവണ മേളയ്ക്ക് എത്തിയത്. ഒരു രൂപയെക്കാള്‍ അല്പം വലുപ്പം കൂടിയ കണ്ണാടി മുതല്‍ കണ്ണാടികൊണ്ട് തീര്‍ത്ത കഥകളി രൂപംവരെയുണ്ട് ആറന്മുള കണ്ണാടി പരിചയപ്പെടുത്തുന്ന സ്റ്റാളില്‍.

1250 രൂപയ്ക്കുള്ള കണ്ണാടി മുതല്‍ മൂന്നരലക്ഷം രൂപയുടെ കണ്ണാടി ശില്പം വരെയുണ്ട് ഇവിടെ. ആറന്മുള കണ്ണാടിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നാണ് ശെല്‍വരാജന്‍ പറയുന്നത്. ഒരു കണ്ണാടി നിര്‍മ്മിക്കാന്‍ തന്നെ നാലും അഞ്ചും ദിവസമെടുക്കും, പണിക്കാരെ വയ്ക്കുകയാണെങ്കില്‍ ഒരാള്‍ക്ക് ഇത് തയ്യാറാക്കുന്നത് പുതുതായി പഠിച്ചെടുക്കാന്‍ ഏറെക്കാലമെടുക്കുമെന്നും ശെല്‍വരാജ് പറയുന്നു.

ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ന്നുണ്ടാക്കിയ ലോഹക്കൂട്ട് ഉപയോഗിച്ചാണ് ഈ കണ്ണാടികള്‍ നിര്‍മ്മിക്കുന്നത്. ഈ ലോഹ കൂട്ട് അച്ചില്‍ ഒഴിച്ച് ലോഹഫലകം നിര്‍മ്മിക്കും. ഈ ലോഹഫലകം ഉരച്ച് മിനുസപ്പെടുത്തിയാണ് കണ്ണാടികളാക്കി മാറ്റുന്നത്. മിനുസപ്പെടുത്താന്‍ പേപ്പര്‍ തുണികള്‍ ഓരോ ഘട്ടത്തിലും ഓരോരോ വസ്തുക്കളാണ് ഉപയോഗിക്കുക. ഏറെ വൈദഗ്ധ്യവും അതിലേറെ ക്ഷമയും ആവശ്യമുള്ള കാര്യമാണ് ആറന്മുള കണ്ണാടി നിര്‍മ്മാണം.

ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണ രഹസ്യം ഏതാനും വിശ്വകര്‍മ തറവാടുകളുടെ പാവന സ്വത്തായി ഇവര്‍ സൂക്ഷിച്ച് കൊണ്ടുനടക്കുകയാണ്.