തിരക്കുള്ള ബസ്സില്‍ കയറി പണവും സ്വര്‍ണ്ണവും മോഷ്ടിക്കുന്നത് പതിവ്; നടക്കാവില്‍ രണ്ട് സ്ത്രീകള്‍ പിടിയില്‍


 

കോഴിക്കോട്: ബസ്സ് യാത്രയില്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന സ്ത്രീകള്‍ പിടിയില്‍. അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട കസ്തൂരി (30) ശാന്തി (35) എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ത്രീകളെ കേന്ദ്രികരിച്ചായിരുന്നു ഇവരുടെ മോഷണം.

 

കുന്ദമംഗലത്തു ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ വെച്ച് യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ നടക്കാവ് പോലീസാണ് ഇവരെ പിടികൂടുന്നത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കൂട്ടുകാര്‍ക്കൊപ്പംതാമസിച്ചു വരുകയായിരുന്നു രണ്ടു പേരും.

തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഇവര്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം – 4 കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ കേരളത്തിലുടനീളം ധാരാളം മോഷണകേസുകള്‍ ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയതെന്നു പോലീസ് പറഞ്ഞു. കോടതി ഇരുവരെയും റിമാന്റ് ചെയ്തു.