മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണം; ആവശ്യമുയര്‍ത്തി ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു ജില്ലാസമ്മേളനം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു നാലാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവര്‍ദ്ധനവ്, ഇന്‍ഷ്യുറന്‍സ് പ്രീമിയ നിരക്ക് ഉയര്‍ത്തല്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന സ്ക്രേപ്പ് പൊളിസി ഗതാഗത മേഖലയെ കുത്തകവല്ക്കരിക്കുന്ന പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം തുടണ്ടിയവയെല്ലാം മോട്ടോര്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതാവുന്ന സ്ഥിതിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ഇത്തരം നയങ്ങള്‍ തിരുത്താതെ ഗതാഗത മേഖലക്ക് നിലനില്ക്കാന് കഴിയില്ല. അതുപോലെ ദേശീയപാത വികസനത്തിന്റെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി നിലവിലുള്ള ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ ഇല്ലാതാക്കപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡും ശുചിമുറിയും സൗകര്യപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡണ്ട് പി.കെ.പ്രേംനാഥ് അധ്യക്ഷനായി. ഫെഡറേഷന് സംസ്ഥാന സെക്രട്ടറി എ.വി.സുരേഷ് കുമാര്‍ അഭിവാദ്യം ചെയ്തും യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.മമ്മു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ.സോമശേഖരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനം പി.കെ.മുകുന്ദനെ പ്രസിഡണ്ടായും എല്‍.രമേശനെ ജനറല്‍ സെക്രട്ടറി ആയും കെ.കെ.മമ്മുവിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയര്മാന് ടി.കെ.ചന്ദ്രന് സ്വാഗതം പറഞ്ഞു. യൂണിയന്റെ ആദ്യകാല നേതാവായ കെ.സുകുമാരനെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണന് പൊന്നാടയണിയിച്ച് ആദരിച്ചു. എ.സോമശേഖരന്‍ നന്ദി പറഞ്ഞു.