സംസ്ഥാനത്ത് കണ്ടെത്തിയത് കോവിഡിന്റെ ജെഎന്‍1 വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം ജെഎന്‍1 കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ വകഭേദം ഉണ്ടെങ്കിലും പരിശോധന ശക്തമാക്കാത്തതിനാല്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജാഗ്രത തുടരുകയാണ് വേണ്ടത്. മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത കാട്ടണന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആര് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും നടപടികള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്തെ ആക്ടീവ് കോവിഡ് രോഗികളില്‍ വലിയ പങ്കും കേരളത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റിലെ കണക്കുകള്‍ പറയുന്നു. 1296 പേരാണ് രാജ്യത്താകെ കോവിഡ് രോഗികളായുള്ളത്. ഇതില്‍ 1144ഉം കേരളത്തിലാണ്. 53 രോഗികളുള്ള ഒഡിഷയാണ് രണ്ടാമത്. കര്‍ണാടകയില്‍ 50ഉം തമിഴ്നാട്ടില്‍ 36ഉം ആണ് രോഗികള്‍. മറ്റിടങ്ങളില്‍ പരിശോധനകള്‍ തീരെ കുറവായതാണ് രോഗികള്‍ കുറയാന്‍ കാരണമാവുന്നത്.