ബപ്പന്‍കാട് ചന്തയും പിഷാരികാവ് ക്ഷേത്രവും പാറപ്പള്ളിയും; കൊയിലാണ്ടിയുടെ മുന്‍ കാല ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി ബപ്പന്‍കാടെ പൊതുകിണറിന് പുതുജീവന്‍, 


കൊയിലാണ്ടി: ചരിത്രമുറങ്ങുന്ന കൊയിലാണ്ടി പട്ടണത്തിലെ മുന്‍കാല വ്യാപാര കേന്ദ്രമായിരുന്ന ബാപ്പന്‍കാട് ജംഗ്ഷനും കോതമംഗലം ജി.എല്‍.പി സ്‌കൂളും അറിയാത്തവര്‍ ഉണ്ടാവില്ല. അതുപോലെ തന്നെ അവിടുത്തെ പൊതു കിണറും അത്ര തന്നെ പ്രാധാന്യമുള്ളതായിരുന്നു.

ഒരു കാലത്ത് ബപ്പന്‍കാട് പ്രദേശത്തെയാകെ ഉളളവര്‍ക്കും ഹോട്ടലിലേക്കും ആവശ്യമുളള വെളളം ലഭിച്ചിരുന്നത് ഈ കിണറില്‍ നിന്നായിരുന്നു. 1915 വര്‍ഷത്തില്‍ തലശ്ശേരി താലൂക് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഈ കിണര്‍ ഒരുപാടു പേരുടെ ജലസ്രോതസ്സായിരുന്നു.

ഇടക്കാലത്ത് കിണര്‍ ഉപയോഗിക്കാതെ വരുകയും ആളുകള്‍ കിണറിലേക്ക് മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാനും തുടങ്ങി. പിന്നീട് കാടുകയറി നശിച്ച കിണറും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. ഇടക്കാലത്തു ഉപയോഗിക്കാതെ കാടുകയറികിടന്ന കിണറും പരിസരവും നഗരസഭ ശുചീകരിച്ചിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ പൊതുകിണറിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കോതമംഗലം സ്‌കൂള്‍ പി.ടിഎ യുടെ നേതൃത്വത്തില്‍ കിണര്‍ പുനരുദ്ധീകരിച്ച് നിര്‍മ്മിക്കുകയായിരുന്നു. സി.സി.ടി, ഗാന്ധി പ്രതിമ എന്നിവ ഉള്‍ക്കൊളളിച്ചാണ് കിണര്‍ പുനരുദ്ധീകരിച്ചിരിക്കുന്നത്.

കോതമംഗലം സ്‌കൂള്‍ പി.ടിഎ യുടെ നേതൃത്വത്തില്‍ ശുചീകരിച്ച കിണര്‍ മതിലില്‍ പെയിന്റിംഗുകളും ആര്‍ട്ട് വര്‍ക്കുകളും നടത്തിയിട്ടുണ്ട്.
വെറുമൊരു ആര്‍ട്ട് അല്ലാതെ കൊയിലാണ്ടിയുടെ ചരിത്രം തന്നെയാണ് കിണറിന്റെ മതിലില്‍ തീര്‍ത്തിട്ടുളളതെന്ന്് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി.എം.ബിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പി.ടിഎ യുടെ നിര്‍ദ്ദേശ പ്രകാരം ശില്പി ബിജു കലാലയം ആണ്് കൊത്തുപണികള്‍ ചെയ്തത്.


പഴയകാല ബപ്പന്‍കാട് ചന്തയിലെ മുഴുവന്‍ ചിത്രങ്ങളും, പാറപ്പളളി, പന്തലായനി അമ്പലം, പിഷാരികാവ് ക്ഷേത്രം എന്നിവ കിണര്‍ മതിലില്‍ തീര്‍ത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കൊയിലാണ്ടിയുടെ മുന്‍കാല ചരിത്രം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ഈ ആര്‍ട്ട് വര്‍ക്കില്‍ നിന്നും സാധിക്കുമെന്ന് പി.ടിഎ.പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

[mid5]

നിലവില്‍ കിണര്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ കോതമംഗലം സ്‌കൂളിലേക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ മോട്ടോര്‍ ഘടിപ്പിക്കാനാണ് തീരുമാനം.

[mid6]

എം.എല്‍.എ കാനത്തില്‍ ജമീല കിണറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച് ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോദ് സ്വാഗതാവും, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീമതി ദൃശ്യ, ഷീന എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് പി.എം ബിജു നന്ദിയും പറഞ്ഞു.