കോവിഡ് പ്രമേഹത്തിനു വഴിവെച്ചേക്കാം; തിരിച്ചറിയാനുള്ള ഏഴ് ലക്ഷണങ്ങള്‍


ശ്വസനാവയവങ്ങള്‍ക്കു പുറമേ കോവിഡ് ഹൃദയം, നാഡീവ്യവസ്ഥ, പോലുള്ള ശരീരഭാഗങ്ങളെയും ബാധിക്കാം. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരെ സംബന്ധിച്ച് കോവിഡ് ഗുരുതരമായ അവസ്ഥയ്ക്കും വഴിവെക്കാം. ഇതിനു പുറമേ കോവിഡ് ബാധിച്ചവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് അടുത്തിടെ നടന്ന പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കോവിഡ് കാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയിട്ടുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളും രോഗം എത്രത്തോളം ഗുരുതരമാകുമെന്നതടക്കമുളള കാര്യങ്ങള്‍ നോക്കാം.

എന്തുകൊണ്ട് കോവിഡ് പ്രമേഹത്തിന് കാരണമാകുന്നു?

കോവിഡാനന്തരം പലയാളുകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതായി മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരിക്കിലും ഇത് താല്‍ക്കാലികമായി ഉണ്ടാവുന്ന കാര്യമാണ്. നേരത്തെ തിരിച്ചറിയപ്പെടാതെ ശരീരത്തില്‍ കിടന്നിരുന്ന പ്രമേഹത്തെ തിരിച്ചറിയുന്ന അവസ്ഥയിലേക്ക് കോവിഡ് എത്തിക്കുകയാണ് ചെയ്യുന്നതെന്നാണ് പഠനം നടത്തിയ ഡോ. സാറ ക്രോമര്‍ പറഞ്ഞത്.

പലയാളുകളിലും കോവിഡ് കഴിഞ്ഞയുടന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുകയും ചികിത്സ തേടുന്നതോടെ സാധാരണ നിലയിലേക്ക് എത്തുന്നതുമാണ് കാണുന്നത്. പല രോഗികള്‍ക്കും കുറച്ചുകാലത്തേക്കെങ്കിലും ഇന്‍സുലിന്‍ പോലുള്ളവ ആവശ്യമായി വരുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡിനെ തുടര്‍ന്നുള്ള പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍:

ദാഹം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരം ഭാരം കുറയല്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ലൈംഗികാവയവങ്ങള്‍ക്കു ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക, കാഴ്ച മങ്ങുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

നിങ്ങള്‍ക്ക് അടുത്തിടെ കോവിഡ് ബാധിക്കുകയും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

ഇത് എന്തുതരം പ്രമേഹം?

ഈ പ്രമേഹം ടൈപ് വണ്‍ ആണോ ടൈപ്പ് ടു ആണോ എന്നത് സംബന്ധിച്ച് ഗവേഷകര്‍ക്കിടയില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ടൈപ്പ് വണ്‍ പ്രമേഹം മിക്കപ്പോഴും ജനിതകമായി വരുന്നതാണ്. അതിനാല്‍ കോവിഡ് കാരണം ഇവ വന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു ഉറപ്പിലെത്താവുന്ന ഒന്നും ഇതുവരെ പഠനത്തിലൂടെ ലഭിച്ചിട്ടില്ല.